”ഞാന്‍ സ്ഥാനമൊഴിയാന്‍ പോകുന്നില്ല. തുറന്ന് പറയുകയാണെങ്കില്‍, രാജ്യം  ഏറ്റവുമൊടുവിൽ മാത്രം ആഗ്രഹിക്കുന്ന കാര്യമാണ് ഒരു തെരഞ്ഞെടുപ്പ്,” ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജി വെക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

മന്ത്രിസഭയില്‍ നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെക്കുന്നതിനിടയിലാണ് ബോറിസ് ജോണ്‍സണ്‍ നയം വ്യക്തമാക്കിയത്.ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നിലായിരുന്നു ജോണ്‍സണ്‍ തന്റെ നിലപാട് പറഞ്ഞത്. ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യം ഏറ്റവുമൊടുവില്‍ മാത്രം ആവശ്യപ്പെടുന്ന കാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിക്കിടയിലെ പാര്‍ട്ടിഗേറ്റ് വിവാദമടക്കം നിരവധി ആക്ഷേപങ്ങള്‍ നേരിടുന്ന ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ നിന്നും രണ്ട് മന്ത്രിമാരായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി രാജി വെച്ചത്. രണ്ട് ഡസനിലധികം എം.പിമാരും പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചിട്ടുണ്ട്.

ഇതിന് പുറമെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, സര്‍ക്കാരിന്റെ ഭാഗമായ മറ്റ് അംഗങ്ങള്‍ എന്നിവരും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൂട്ടത്തോടെ രാജി വെക്കുന്നുണ്ട്. ഇതോടെ സര്‍ക്കാരിന്റെ ഭാഗമായി നിന്നവരില്‍ 30ലധികം പേര്‍ രാജി വെച്ചതായാണ് റിപ്പോര്‍ട്ട്.

മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ ആവശ്യമുന്നയിച്ച മുതിര്‍ന്ന മന്ത്രിയായ മൈക്കല്‍ ഗോവിനെ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.ബ്രെക്‌സിറ്റ് വിഷയങ്ങളിലടക്കം ബോറിസ് ജോണ്‍സന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു മൈക്കല്‍ ഗോവ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് ഒരു മാസത്തിന് ശേഷമാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച, കാബിനറ്റ് മന്ത്രിമാരായ സജിദ് ജാവിദ്, റിഷി സുനക് എന്നിവരുടെ രാജിയോടെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പിന്നീടാണ് ജൂനിയര്‍ മന്ത്രിമാരും മറ്റ് പാര്‍ലമെന്റംഗങ്ങളും കൂട്ടത്തോടെ രാജിയിലേക്ക് നീങ്ങിയത്.

പാര്‍ട്ടിഗേറ്റ് വിവാദമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി നടത്തിയെന്ന ആക്ഷേപങ്ങളുയര്‍ന്ന വിഷയത്തിലും പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന് നിരവധി എം.പിമാര്‍ ആരോപിച്ചിരുന്നു. ലൈംഗികാരോപണം നേരിട്ട എം.പിക്ക് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രൊമോഷന്‍ നല്‍കിയതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.