ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മെറ്റാവേഴ്സിൽ പതിനാറുകാരിയുടെ ‘ഡിജിറ്റൽ അവതാർ ‘ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായുള്ള പരാതിയിൽ ബ്രിട്ടീഷ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇത്തരത്തിൽ വെർച്വൽ റിയാലിറ്റി ഗെയിമിലൂടെയുള്ള ആദ്യത്തെ ലൈംഗിക പീഡന കേസാണിത്. ഓൺലൈൻ ഗെയിമിൽ പെൺകുട്ടി വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ധരിച്ച് ഗെയിമിൽ ആയിരുന്ന സമയത്ത്, പെൺകുട്ടിയുടെ ഡിജിറ്റൽ രൂപത്തെ ഓൺലൈൻ അപരിചിതർ പീഡിപ്പിച്ചുവെന്നാണ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ശാരീരികമായ ആക്രമണം ഉണ്ടായിട്ടില്ലാത്തതിനാൽ കൗമാരക്കാരിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ യഥാർത്ഥ ലോകത്ത് ബലാത്സംഗത്തിന് ഇരയായ ഒരാളുടെ അതേ മാനസികവും വൈകാരികവുമായ ആഘാതം അവൾക്ക് അനുഭവപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യുകെയിൽ ഇത് ആദ്യമായാണ് ഒരു വെർച്വൽ ലൈംഗിക കുറ്റകൃത്യം പോലീസ് അന്വേഷിക്കുന്നത്.
ഇത്തരത്തിൽ അപരിചിതരായ ആളുകളുടെ വെർച്വൽ ലൈംഗിക അതിക്രമം നടക്കുമ്പോൾ, കുട്ടി നിരവധി സഹ ഉപയോക്താക്കൾ ഉള്ള ഒരു ഓൺലൈൻ മുറിയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്നതിന്, വെർച്വൽ സ്‌പെയ്‌സുകളിലെ ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നിയമനിർമ്മാണം അടിയന്തരമായി ഉണ്ടാകണമെന്ന് പോലീസ് ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇത്തരത്തിലുള്ള വെർച്വൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ആകെയൊരു അനിശ്ചിതത്വമാണ് ഉദ്യോഗസ്ഥർക്കിടയിൽ നിലനിൽക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതൽ നിയമനിർമ്മാണം ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
Leave a Reply