ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യൻ ചാരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ യുകെയിൽ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയതായി റിപ്പോർട്ട്‌. നോർഫോക്ക് ഗ്രേറ്റ് യാർമൗത്തിലെ ഓർലിൻ റൂസെവ് (45), ഹാരോയിൽ നിന്നുള്ള ബിസർ ധംബസോവ് (41), കാട്രിൻ ഇവാനോവ (31) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരിയിൽ കസ്റ്റഡിയിലെടുത്ത മൂവരും ഇപ്പോഴും അവിടെ തുടരുകയാണ്. കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഇവർ റഷ്യൻ സെക്യൂരിറ്റി സർവീസിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. യുകെ, ബൾഗേറിയ, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ക്രൊയേഷ്യ, സ്ലോവേനിയ, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരം ഫെബ്രുവരിയിൽ അറസ്റ്റിലായ അഞ്ചു പേരിൽ ഈ മൂന്ന് പേർക്കെതിരെ ഫെബ്രുവരിയിൽ ഐഡന്റിറ്റി ഡോക്യുമെന്റ് ആക്ട് പ്രകാരം കുറ്റം ചുമത്തി.

മെട്രോപൊളിറ്റൻ പോലീസിൽ നിന്നുള്ള തീവ്രവാദ വിരുദ്ധ ഡിറ്റക്ടീവുകളാണ് ഇവരെ പിടികൂടിയത്. വൈകാതെ തന്നെ മൂവരെയും ഓൾഡ് ബെയ്‌ലി കോടതിയിൽ ഹാജരാക്കും. മൂവരും വർഷങ്ങളായി യുകെയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുന്നു. റൂസെവിന് റഷ്യയിലെ ബിസിനസ്സ് ഇടപാടുകളുടെ ചരിത്രമുണ്ട്. ബൾഗേറിയൻ ഊർജ മന്ത്രാലയത്തിന്റെ ഉപദേശകനായി പ്രവർത്തിച്ചിരുന്നതായും പറയുന്നു.

ധംബസോവും ഇവാനോവയും ദമ്പതികളാണെന്ന് പറയപ്പെടുന്നു. മൂന്ന് പ്രതികളുടെയും വിചാരണ ജനുവരിയിൽ ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതിയിൽ നടക്കും. പൊലീസ് ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.