സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുൻപ് ലണ്ടൻ മേയർ ആയിരുന്ന സമയത്ത്, യു എസ് ബിസിനസ് വനിത ജെന്നിഫർ അർക്കുറിയുടെ കമ്പനിയുമായി വഴിവിട്ട് പണമിടപാട് ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന ആരോപണത്തിൽ പ്രധാനമന്ത്രിക്കു നേരെ ക്രിമിനൽ അന്വേഷണം ഉണ്ടാവുകയില്ല. ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (ഐ ഒ പി സി ) പുറത്തിറക്കിയ റിപ്പോർട്ടിൽ, പ്രധാനമന്ത്രി ബോറിസ് ജോൺസനും ജെന്നിഫെറുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നെങ്കിലും, വഴിവിട്ട സാമ്പത്തിക ഇടപാടുകൾക്ക് തെളിവില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മുൻപ് തന്നെ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം തന്നെ രാഷ്ട്രീയപ്രേരിതമാണെന്നും, സത്യങ്ങൾ പുറത്തു വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഇത്തരം അന്വേഷണങ്ങൾ പോലീസ് ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയം പാഴാക്കുമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതേ സമയം തന്നെ പ്രധാനമന്ത്രിക്കു നേരെ മറ്റൊരു ആരോപണവും നിലനിൽക്കുന്നു. 2008 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ലണ്ടൻ മേയർ ആയിരുന്നപ്പോൾ ബോറിസ് ജോൺസൻ എടുത്ത പല തീരുമാനങ്ങളും സ്വാർത്ഥ താല്പര്യങ്ങളെ മുൻനിർത്തിയാണെന്നാണ് ആരോപണം. ഇതിൽ ഗ്രെയ്റ്റർ ലണ്ടൻ അസംബ്ലിയുടെ ഭാഗത്തു നിന്നും പ്രധാനമന്ത്രിക്കു നേരെ അന്വേഷണവും നടക്കുന്നുണ്ട്. ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റിൻെറ ഭാഗത്ത് നിന്നും പൂർണ റിപ്പോർട്ട് ഉണ്ടാകുന്നതുവരെ ഈ അന്വേഷണം നിർത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബോറിസ് ജോൺസൺ ലണ്ടൻ മേയറായിരുന്ന സമയത്ത് തന്റെ പദവി ദുരുപയോഗം ചെയ്യുന്ന തരത്തിൽ പ്രവർത്തികൾ നടത്തിയതായി ആരോപണം ഉയർന്നു വന്നത്. ഇത്തരത്തിൽ വഴിവിട്ട സാമ്പത്തിക ഇടപാടുകൾ നടന്നു എന്നതിന് തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

അന്വേഷണം കഴിഞ്ഞിട്ടില്ലെന്നും, പ്രധാനമന്ത്രി നേരിടുന്ന മറ്റ് ആരോപണങ്ങൾക്ക് തെളിവുകൾ ലഭിക്കുമെന്നും ലണ്ടൻ അസംബ്ലിയിലെ ലേബർ പാർട്ടി നേതാവ് ലെൻ ഡ്യുവൽ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി ഇതുവരെ നേരിട്ട് അഭിപ്രായപ്രകടനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.