ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

യു കെയിൽ ഉള്ള അറുപതോളം യൂണിവേഴ്സിറ്റികളിലെ അധ്യാപക അനധ്യാപക ജീവനക്കാർ വരും ദിവസങ്ങളിൽ നടത്താനിരിക്കുന്നത് എട്ട് ദിവസ പണിമുടക്ക് സമരം. വേതന വർധനവ്‌ അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്താനിരിക്കുന്ന സമരം യു കെയിലെ ഏതാണ്ട് എല്ലാ യൂണിവേഴ്സിറ്റികളെയും ബാധിക്കുമെന്ന് ഉറപ്പാണ്. മെമ്പേഴ്‌സ് ഓഫ് ദി യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (UCU) എന്ന പേരിലുള്ള ജീവനക്കാരുടെ യൂണിയൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് .

എട്ട് ദിവസത്തോളം സമരം നീളുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും അതിനാൽ സമരം ഉപേക്ഷിച്ചു ചർച്ചയുടെയും ഒത്തുതീർപ്പിന്റെയും വഴിയിൽ വരണമെന്നാണ് ജീവനക്കാരുടെ സമരാഹ്വാനത്തോട് യൂണിവേഴ്സിറ്റി പ്രതികരിച്ചത്. എന്നാൽ ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റം എത്തിനിൽക്കുകയാണ് ജീവനക്കാരെന്നാണ് സമരക്കാർ അവകാശപ്പെടുന്നത്. ലണ്ടൻ സിറ്റി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപിക ഡോ. ക്ലയർ മോറിസ് പറയുന്നത് കേൾക്കുക : ” കുട്ടികൾക്ക് വേണ്ടി കൂടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത് . അധ്യാപകരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറപ്പെട്ടാൽ മാത്രമേ അവർക്ക് നല്ല രീതിയിൽ അറിവ് പറഞ്ഞു കൊടുക്കാൻ സാധിക്കുകയുള്ളൂ . കൂടുതൽ ജോലിഭാരവും എന്നാൽ അതിനൊത്ത് ഉയരാത്ത വേതനവും അധ്യാപകരുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നു. മികവുറ്റ രീതിയിൽ വിദ്യ പറഞ്ഞു കൊടുക്കുന്നതിൽ നിന്ന് അത് ഞങ്ങളെ അകറ്റുന്നു “.

എന്നാൽ യൂണിവേഴ്‌സിറ്റി പറയുന്ന ഫീസ് നൽകിയിട്ടും സമരത്തിന്റെ പേരിൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നതിന്റെ വിഷമത്തിലാണ് വിദ്യാർത്ഥികൾ. ” സമരക്കാരുടെ ആവശ്യം ഞങ്ങൾക്ക് മനസിലാകും. എങ്കിലും പ്രശ്ന പരിഹാരത്തിന് പണിമുടക്കിനെക്കാൾ മികച്ച മാർഗങ്ങൾ ഉണ്ടെന്നാണ് കരുതുന്നത് ” ജേർണലിസം വിദ്യാർത്ഥിയായ ലൂസി പറയുന്നു. ദൈർഘ്യം തീരെ കുറഞ്ഞ കോഴ്‌സുകളിൽ ചേർന്ന വിദ്യാർഥികളെ സംബന്ധിച്ച് ഒരാഴ്ച നഷ്ടപ്പെടുക എന്നത് വലിയ കാര്യമാണെന്ന് മറ്റൊരു ജേർണലിസം വിദ്യാർത്ഥിയായ ഗ്രേസ് അഭിപ്രായപ്പെട്ടു.

വാദപ്രതിവാദങ്ങൾ പലരീതിയിൽ നടക്കുമ്പോഴും സമരവുമായി മുന്നോട്ട് പോകും എന്ന ഉറച്ച തീരുമാനത്തിലാണ് ജീവനക്കാർ. സമരം അവസാനിപ്പിച്ച് ജോലിയിൽ തിരികെ കയറിയാലും തങ്ങൾക്ക് മറ്റു ചില നിബന്ധനകൾ കൂടിയുണ്ടെന്ന് യു സി യു ഭാരവാഹികൾ പറയുന്നു. വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിൽ മാത്രം ജോലിയെടുക്കുക , അവധിയിൽ ഉള്ള ജീവനക്കാരെ ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയൻ മുന്നോട്ട് വയ്ക്കുന്നു.

എന്തുതന്നെയായാലും വിദ്യ മുഴങ്ങേണ്ട ക്ലാസ് മുറികൾ വരും ദിവസങ്ങളിൽ മുദ്രാവാക്യങ്ങളാൽ നിറയുമെന്ന് ഉറപ്പാണ്.