ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പുതിയ ഡബിൾ മ്യുട്ടന്റ് കൊറോണ വൈറസ് സ്‌ട്രെയിൻ മൂലം വർദ്ധിച്ചുവരുന്ന കോവിഡ് സാഹചര്യത്തിലും, ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സന്ദർശനം മാറ്റിവയ്ക്കില്ലെന്ന് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ കണ്ടെത്തിയ പുതിയ സ്ട്രെയിൻ കൊറോണവൈറസ് ബ്രിട്ടനിൽ 73 പേരിൽ കണ്ടെത്തിയിട്ടുണ്ട്. സ്കോട്ട്‌ലൻഡിൽ നാലുപേർക്കോളം ഈ സ്‌ട്രെയിൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ വർദ്ധിച്ച കോവിഡ് കണക്കുകൾ മൂലം ബോറിസ് ജോൺസന്റെ സന്ദർശനം വെട്ടിച്ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഇന്ത്യയിൽ ദിനംപ്രതി 150000ത്തിനു മേലെയാണ് കേസുകൾ. നേരത്തെ തീരുമാനിച്ച പ്രകാരം നാല് ദിവസമായിരുന്നു ബോറിസ് ജോൺസന്റെ സന്ദർശനം. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിൽ, ഭൂരിഭാഗം കൂടിക്കാഴ്ചകളും ഏപ്രിൽ 26ന് തന്നെ തീർക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ യാത്ര പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും നടത്തുക എന്ന് അധികൃതർ അറിയിച്ചു. കോൺടാക്ട് ട്രെയിസിങ് ഉൾപ്പെടെയുള്ള കാര്യങ്ങളും നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇന്ത്യയെ ഇതുവരെയും ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിൽ കണ്ടെത്തിയിരിക്കുന്ന പുതിയ സ്ട്രെയിൻ ആശങ്കയുളവാക്കുന്നതാണ് എന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്. പുതിയ സ്ട്രെയിനുകൾക്കനുസരിച്ച് വാക്സിനുകൾ കൂടുതൽ ഫലപ്രദമാക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഇന്ത്യയിലെ സ്ഥിതി വളരെ മോശമായ നിലയിലാണ് തുടരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം വളരെ കരുതലോടുകൂടി ആയിരിക്കും നടപ്പിലാക്കുക.
Leave a Reply