ലണ്ടൻ ∙ സ്വന്തമായി വിമാനം പോലും ലഭിക്കുമെന്നിരിക്കെ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഇക്കണോമി ക്ലാസിൽ, പിന്നിലെ സീറ്റിലിരുന്നു യാത്ര ചെയ്യുന്നതു പലർക്കും സങ്കല്‍പിക്കാന്‍ പോലുമാകില്ല. പക്ഷേ ബ്രിട്ടിഷ് എയർവേസിൽ കഴിഞ്ഞ ദിവസം അത്തരത്തിൽ യാത്ര ചെയ്ത വ്യക്തിയെക്കണ്ട് യാത്രക്കാർ ആദ്യമൊന്നമ്പരന്നു. ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസനും പെൺസുഹൃത്ത് കേരി സൈമണ്ട്സുമായിരുന്നു അത്. കരീബിയൻ ദ്വീപുകളിൽ പുതുവർഷാഘോഷത്തിനുള്ള യാത്രയിലായിരുന്നു ഇരുവരും.

കരീബിയൻ ദ്വീപുരാഷ്ട്രമായ സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലെ മസ്റ്റീക്ക് എന്ന ടൂറിസം കേന്ദ്രത്തിലേക്കായിരുന്നു യാത്ര. ലണ്ടനിൽ നിന്നുള്ള ആ യാത്രയ്ക്കിടെ സഹയാത്രികരിലൊരാൾ പകർത്തിയ ചിത്രമാണു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെപ്പറ്റിയുള്ള ചർച്ചകൾക്കിടയാക്കിയത്. വിൻഡോ സീറ്റിലിരുന്ന് പുസ്തകം വായിക്കുന്ന ബോറിസും സമീപം പുതച്ചിരിക്കുന്ന കേരിയുമാണു ചിത്രത്തിൽ. യാത്രയ്ക്കിടെ ഉയർന്ന ക്ലാസിലേക്ക് സീറ്റ് അപ്ഗ്രേഡ് ചെയ്യാനുമാകില്ല. സീറ്റുമാറ്റത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങൾ നിലവിലുള്ളതിനാൽ അത്തരമൊരു ‘സഹായവും’ ഫ്ലൈറ്റ് ജീവനക്കാർക്കു നൽകാനാകില്ലെന്നതാണു സത്യം.

കാര്യമായ സുരക്ഷാപ്പടയും ഒപ്പമില്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ബ്രിട്ടിഷ് എയർവേസിലെ യാത്രയ്ക്കു ബോറിസിനു മാത്രം ടിക്കറ്റ് നിരക്ക് 1323 പൗണ്ടായിരുന്നു (ഏകദേശം 1.23 ലക്ഷം രൂപ). എന്നാൽ ബ്രിട്ടന്റെ റോയൽ എയർഫോഴ്സിന്റെ സ്വകാര്യ വിമാനത്തിൽ പോവുകയായിരുന്നെങ്കിൽ ഒരാൾക്കു ചെലവു വരിക ഒരു ലക്ഷം പൗണ്ടും (ഏകദേശം 93.44 ലക്ഷം രൂപ). കന്നുകാലി ക്ലാസ് എന്നു വിളിപ്പേരുള്ള ഇക്കണോമി ക്ലാസിൽ യാത്ര ചെയ്തതോടെ പ്രധാനമന്ത്രിയിലൂടെ മാത്രം ടിക്കറ്റ് നിരക്കിൽ ലാഭിച്ചത് 91 ലക്ഷത്തിലേറെ രൂപ!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരി സൈമണ്ട്സും പ്രധാനമന്ത്രിയുടെ ഭാര്യാപദത്തിന്റെ ആഡംബരങ്ങളിൽ അഭിരമിച്ചിട്ടില്ല. അടുത്തിടെ ഒരു സുപ്രധാന ചടങ്ങിലേക്കു ഡിസൈനർ വസ്ത്രങ്ങൾ വാങ്ങുന്നതിനു പകരം വാടകയ്ക്കെടുത്തു വരികയായിരുന്നുവെന്ന് കേരി വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല, ഇപ്പോഴും തൊഴിലെന്ന നിലയ്ക്ക് ‘ഓഷ്യാന’ എന്ന പരിസ്ഥിതി ക്യാംപെയ്ൻ ഗ്രൂപ്പിന്റെ ഉപദേശകയായും ഈ മുപ്പത്തിയൊന്നുകാരി തുടരുകയാണ്. സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലെ ആഡംബര വില്ലകളിലൊന്നിലേക്കാണു പുതുവർഷാഘോഷത്തിനായി ബോറിസ് എത്തിയിരിക്കുന്നത്.

യാത്രയ്ക്കിടെ സെന്റ് ലൂഷ്യ പ്രധാനമന്ത്രി അലൻ ഷസ്റ്റനെയും ഒപ്പമുണ്ടായിരുന്നു. ക്രിസ്മസിന്റെ പിറ്റേന്ന് സെന്റ് ലൂഷ്യയിലിറങ്ങിയ ബോറിസ് ഷസ്റ്റനെയ്ക്കും വിമാനത്തിലെ ജീവനക്കാർക്കുമൊപ്പം ഫോട്ടോയും എടുത്തു. ബ്രിട്ടനിൽ നിന്ന് സെന്റ് ലൂഷ്യയ്ക്കു ലഭിക്കുന്ന സഹായങ്ങളിൽ ഷസ്റ്റനെ നന്ദി രേഖപ്പെടുത്തി. സെന്റ് ലൂഷ്യയിൽ നിന്നാണു ബോറിസും സംഘവും സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലേക്കു പോയത്. ബ്രിട്ടിഷ് രാജകുടുംബം ഉൾപ്പെടെ അവധിക്കാലം ചെലവഴിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണു മസ്റ്റീക്ക്.

 

ഇവിടെ ഒരാഴ്ചയ്ക്ക് 20,000 പൗണ്ട് (ഏകദേശം 18.69 ലക്ഷം രൂപ) ചെലവു വരുന്ന വില്ലയിലാണു ബോറിസിന്റെ പുതുവർഷാഘോഷം. ആറു കിടപ്പുമുറികളുള്ള വില്ല കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപിന്റെ മനോഹരമായ കാഴ്ച ചുറ്റിലും ദൃശ്യമാകുന്നുവെന്നതാണു പ്രത്യേകത. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രിമാർ ചെലവു കുറഞ്ഞ അവധിക്കാല യാത്രാപാക്കേജുകളാണു പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്, അതും ഇംഗ്ലണ്ടിൽ തന്നെയുള്ളവ. തെരേസ മേയുടെ പ്രിയപ്പെട്ട സ്ഥലം വെയ്‌ൽസാണ്. ഡേവിഡ് കാമറൂണിന്റേത് ഇംഗ്ലണ്ടിലെതന്നെ കോൺവോളും.