സിറിയയില്‍ ജനങ്ങള്‍ക്കു മേലുണ്ടാകുന്ന രാസായുധാക്രമണങ്ങളില്‍ തിരിച്ചടിക്കൊരുങ്ങി ബ്രിട്ടന്‍ സൈനികനീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സിറിയയിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ബ്രിട്ടീഷ് മുങ്ങിക്കപ്പലുകള്‍ തയ്യാറായതായി ഗവണ്‍മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടോമഹോക്ക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശേഷിയുള്ള സബ്മറൈനുകള്‍ സിറിയന്‍ ലക്ഷ്യങ്ങളുടെ പരിധിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് സൂചന. റോയല്‍ നേവി ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് ആക്രമണം തുടങ്ങാനുള്ള ഉത്തരവ് പ്രധാനമന്ത്രി തെരേസ മേയ് പുറപ്പെടുവിക്കുമെന്നാണ് സൂചന. ഒരു അസാധാരണ ക്യാബിനറ്റ് യോഗം ഇന്ന് വിളിച്ചിട്ടുള്ളതായി പ്രധാനമന്ത്രിയുടെ വക്താവും അറിയിച്ചു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്വന്തം പൗരന്‍മാര്‍ക്കു നേരെ രാസായുധപ്രയോഗം നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബ്രിട്ടന്‍ അടുത്ത സഖ്യകക്ഷികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മേയ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ അമേരിക്കയ്ക്കുള്ള പിന്തുണയാണ് ഇതിലൂടെ മേയ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായുള്ള രാസായുധ പ്രയോഗങ്ങള്‍ എതിര്‍ക്കപ്പെടാതെ പോകരുതെന്നും അവര്‍ പറഞ്ഞു.
എംപിമാരോട് ചോദിക്കാതെ തന്നെ ആക്രമണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടേക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.റോയല്‍ നേവിക്ക് നാല് വാന്‍ഗാര്‍ഡ് ക്ലാസ് ബാലിസ്റ്റിക് മിസൈല്‍ ആണവ മുങ്ങിക്കപ്പലുകളാണ് ഉള്ളത്. ഇവ സിറിയ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്. ഇത്തരമൊരു ആക്രമണം ഉണ്ടായാല്‍ അത് പ്രതിപക്ഷത്തില്‍ നിന്ന് കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തുമെന്നത് ഉറപ്പാണ്. തീരുമാനം പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ മാത്രമേ എടുക്കാവൂ എന്ന് ജെറമി കോര്‍ബിന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Leave a Reply