വൈദ്യുതി ഉപയോഗിക്കാതെ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ആലക്കുയന്ത്രം കണ്ടുപിടിച്ച നവജ്യോത് സാവ്നി എന്ന യുവ എഞ്ചിനീയറിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പോയന്‍റ്സ് ഓഫ് ലൈറ്റ് പുരസ്കാരം. പുരസ്കാരത്തിന്റെ ഒപ്പം ഉണ്ടായിരുന്ന കത്തിൽ പ്രധാനമന്ത്രി ഇങ്ങനെ എഴുതിയിരുന്നു. ‘നിങ്ങൾ നടത്തിയ ഈ കണ്ടുപിടിത്തം ലോകത്ത് വൈദ്യുതി സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടും. അഭിനന്ദനങ്ങൾ’ എന്നായിരുന്നു കത്തിൽ.

സാവ്നി ഇത്തരമൊരു ആശയത്തെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത് സന്നദ്ധ സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ത്യ ചുറ്റി സഞ്ചരിക്കുന്നതിനിടെയാണ്. സൗത്ത് ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ കല്ലിൽ തുണി അലക്കുന്ന നിർധനരായ സ്ത്രീകളെ കണ്ടപ്പോൾ ആണ് സാവ്നിക് വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു അലക്ക് യന്ത്രം എന്ന ആശയം മനസ്സിലേക്ക് വരുന്നത്.

കല്ലിൽ തുണി അലക്കുന്നതിനേക്കാൾ 50% വെള്ളവും 75% സമയവും ഈ യന്ത്രം ഉപയോഗിച്ച് ലാഭിക്കാം എന്നതാണ് സാവ്നിയുടെ ഈ അലക്ക് യന്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാവ്നി ഈ അലക്ക് യന്ത്രത്തിന് ഇട്ടിരിക്കുന്നത് തൻറെ അയൽക്കാരിയുടെ പേരാണ്. ദിവ്യ എന്നാണ് സാവ്നിയുടെ അയൽക്കാരിയുടെ പേര്. ഈ പേര് തന്നെ അദ്ദേഹം അലക്ക് യന്ത്രത്തിലും നല്കുക ആയിരുന്നു.

വിവിധ പ്രദേശങ്ങളിലുള്ള അനാഥാലയങ്ങൾ , വിദ്യാലയങ്ങൾ എന്ന് തുടങ്ങി 300 ൽ അധികം സ്ഥലത്ത് ഈ അലക്ക് യന്ത്രം ഇതിനോടകം തന്നെ അദ്ദേഹം വിതരണം ചെയ്തു കഴിഞ്ഞു. ഇനിയും കൂടുതൽ വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. സാവ്നിയുടെ ഈ ആശയത്തിന് സമൂഹ മാധ്യമത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.