ലണ്ടന്‍: ഇറാഖില്‍ സേവനമനുഷ്ഠിച്ച ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുളള കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കുമെന്ന് അന്വേഷണ സംഘം. പ്രതിരോധമന്ത്രാലയം ചുമതലപ്പെടുത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്. പീഡനങ്ങളും നിയമവിരുദ്ധമായ കൊലപാതകങ്ങളും അടക്കമുളള കൊടുംക്രൂരതകളാണ് പട്ടാളക്കാര്‍ യുദ്ധമുഖരിതമായ ഇറാഖില്‍ പട്ടാളക്കാര്‍ നടത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി. സൈനികര്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ തെളിയിക്കാനാവശ്യമായ തെളിവുകളുണ്ടെന്നും മുന്‍ പൊലീസ് അന്വേഷണോദ്യോഗസ്ഥനും ഇറാഖ് ഹിസ്‌റ്റോറിക് അലിഗേഷന്‍സ് ടീം തലവനുമായ മാര്‍ക്ക് വാര്‍വിക് അറിയിച്ചു.
സൈനികര്‍ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ചാണ് സംഘം അന്വേഷണം നടത്തിയത്. 2003 മുതല്‍ 2009 വരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് 2010ല്‍ ഈ സംഘത്തെ നിയോഗിച്ചത്. തുടക്കത്തില്‍ 152 ഇരകള്‍ ഉള്‍പ്പെട്ട കേസുകളാണ് ഇവര്‍ അന്വേഷിച്ചത്. ഇപ്പോള്‍ 1500ലധികം ഇരകളുള്‍പ്പെട്ട കേസുകള്‍ ഇവര്‍ പരിശോധിക്കുന്നു. 280 ക്രൂരമായ കൊലപാതകക്കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ 200 എണ്ണത്തില്‍ ഇതുവരെ യാതൊരു അന്വേഷണവും നടന്നിട്ടില്ല. 25 എണ്ണം മാത്രമാണ് അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. 1235 കേസുകള്‍ ബലാല്‍സംഗവും ക്രൂരമായ പെരുമാറ്റവും പീഡനവുമുള്‍പ്പെടെയുള്ള കുറ്റങ്ങളിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇവയില്‍ നാല്‍പ്പത്തഞ്ച് കേസുകളില്‍ മാത്രമാണ് അന്വേഷണം നടന്നു വരുന്നത്.
കേസുകളില്‍ 2016ഓടെ അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും സാധിച്ചില്ല. എങ്കിലും 2019 വരെ അന്വേഷണ സംഘത്തിന് ഇതിനുള്ള സാമ്പത്തിക സഹായം ലഭിക്കും. അടുത്ത ഒന്നരവര്‍ഷം കൊണ്ടും കേസുകള്‍ മുഴുവന്‍ പുനഃപരിശോധിക്കുമെന്നാണ് അന്വേഷണം സംഘം പറയുന്നത്. അതിന് ശേഷം മാത്രമേ 2019ല്‍ അന്വേഷണം പൂര്‍ത്തിയാകുമോ എന്ന കാര്യം പറയാനാകൂ എന്നും വാര്‍വിക് പറയുന്നു. 2003ല്‍ ബാഹാ മൂസ എന്ന ഇറാഖി ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ബ്രിട്ടീഷ് സൈനികരുടെ കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി മരിച്ച കേസാണ് ഈ ഗണത്തില്‍ ഏറ്റവും വിവാദമായത്. ഈ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് കഴിഞ്ഞ പത്തു വര്‍ഷമായി വാര്‍വിക്ക് അവകാശപ്പെട്ടു കൊണ്ടിരിക്കുകയാണ്.
യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിനായി ഈ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഒരാളെ പോലും വിചാരണ ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് മനുഷ്യാവകാശ സംഘടനകളുടെ ക്ഷമ കെടുത്തിയിട്ടുണ്ട്. ഈ കാലതാമസം അംഗീകരിക്കാനാകില്ലെന്നാണ് മനുഷ്യാവകാശ സംഘടനയായ റിഡ്രസിന്റെ ഡയറക്ടര്‍ കാര്‍ല ഫെഴ്സ്റ്റ്മാന്‍ അഭിപ്രായപ്പെടുന്നത്. ഒച്ചിഴയുന്ന വേഗത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ സങ്കീര്‍ണതയെക്കുറിച്ച് മനസിലാക്കണമെന്നാണ് വാര്‍വിക്കിന്റെ വാദം. ബ്രിട്ടീഷ് സൈനികര്‍ ചെയ്ത യുദ്ധക്കുറ്റങ്ങളെക്കുറിച്ച് രാജ്യാന്തര നീതിന്യായകോടതിയും പരിശോധിച്ച് വരികയാണ്. 1200 കേസുകളാണ് ഇവര്‍ പരിശോധിക്കുന്നത്. ഇതില്‍ ബ്രിട്ടീഷ് കസ്റ്റഡിയില്‍ വച്ച് അമ്പത് ഇറാഖികള്‍ മരിച്ച കേസും കോടതിയുടെ പരിഗണനയിലാണ്.