പ്രശസ്ത ബ്രിട്ടീഷ് ഗാനരചയിതാവും, സംഗീതജ്ഞനുമായ ജോനാഥാൻ ഗോൾഡ്‌സ്റ്റീൻ സ്വിറ്റ്സർലൻഡിൽ വെച്ച് നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അപകടസമയത്ത് ജോനാഥനോടൊപ്പം ഭാര്യ ഹന്ന മാർസിനോവിസും, ഏഴു മാസം മാത്രം പ്രായമുള്ള മകൾ സാസ്‌കിയയും ഉണ്ടായിരുന്നു. മൂന്ന് പേരും അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.ടെലിവിഷൻ പരസ്യങ്ങൾക്ക് സംഗീതം സൃഷ്ടിക്കുകയും, അതോടൊപ്പം തന്നെ സിനിമയ്ക്കും, സ്റ്റേജ് പെർഫോമൻസുകൾക്കും വേണ്ടി സംഗീതം രചിക്കുകയും ചെയ്തിരുന്ന ജോനാഥാന് സ്വന്തമായ ഒരു സംഗീത കമ്പനി തന്നെ ഉണ്ടായിരുന്നു.

പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിൽ നിന്നും ഞായറാഴ്ച പറന്നുയർന്ന വിമാനം ഇറ്റലിയിലേക്ക് പോകുന്നതിനിടയിലാണ് തകർന്നുവീണത്. മൂന്ന് പേരുടെയും മരണം വിഷമിപ്പിക്കുന്നതാണെന്നും, നികത്താനാവാത്ത വിടവാണ് അത് സൃഷ്ടിച്ചിരിക്കുന്നതെന്നും കുടുംബ വൃത്തങ്ങൾ അറിയിച്ചു. അതോടൊപ്പം തന്നെ ഈയൊരു സാഹചര്യത്തിൽ അവരുടെ സ്വകാര്യത കാത്തു സൂക്ഷിക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോയൽ ഷേക്സ്പിയർ കമ്പനിക്കും, നാഷണൽ തിയേറ്ററിനും വേണ്ടി ഗാനരചയിതാവായും, സംഗീതസംവിധായകനായുമാണ് ജോനാഥന്റെ സംഗീത കരിയറിന്റെ തുടക്കം. നാഷണൽ തിയേറ്റർ പ്രൊഡ്യൂസ് ചെയ്തത് പ്രിമോ എന്ന സിനിമയിലെ ഗാനരചനയ്ക്ക് ജോനാഥാന് പ്രശസ്ത ഇവോർ നോവെല്ലോ പുരസ്കാരം ലഭിച്ചിരുന്നു. ചലച്ചിത്രരംഗത്തും ടെലിവിഷൻ രംഗത്തുമെല്ലാം പ്രശസ്തി ആർജ്ജിച്ചു വന്നപ്പോഴാണ് 2008- ൽ അദ്ദേഹം ഗോൾഡ്‌സ്റ്റീൻ മ്യൂസിക് ഗ്രൂപ്പ് ആരംഭിക്കുന്നത്. 2013-ൽ അദ്ദേഹത്തിന്റെ ആദ്യ ക്ലാസിക്കൽ ആൽബം പുറത്തിറങ്ങി.

ജോനാഥനെപ്പോലെ തന്നെ ഭാര്യയും സംഗീതരംഗത്ത് ആയിരുന്നു. റോയൽ അക്കാഡമി ഓഫ് മ്യൂസിക്കിലെ വിദ്യാർത്ഥിയായിരുന്ന ഹന്ന, ലണ്ടൻ സിംഫണി ഓർക്കസ്ട്രയോടും, ബിബിസി കൺസേർട്ട് ഓർക്കസ്ട്രയോടും ഒപ്പം സംഗീത പരിപാടികൾ ചെയ്തിട്ടുണ്ട്. ഇവരുടെ മരണം സംഗീതലോകത്ത് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്സഹപ്രവർത്തകർ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സ്വിറ്റ്സർലൻഡ് ഗവൺമെന്റ് ഉത്തരവിട്ടിട്ടുണ്ട് .