ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ബ്രിട്ടനിൽ പഠിക്കാനായി വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്ക് ഇനിമുതൽ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാനാവില്ല. മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്ക് പുതിയ നിയമം കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ തന്നെ ബിരുദ വിദ്യാർത്ഥികൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് സാധിക്കുമായിരുന്നില്ല. മിക്ക മലയാളി വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് യുകെയിൽ എത്തുന്നതിന്റെ പ്രധാന ഉദ്ദേശം ഭാര്യയെയോ ഭർത്താവിനെയോ ആശ്രിത വിസയിൽ കൊണ്ടുവരുക എന്നതായിരുന്നു.

ഈ വർഷം തന്നെ യുകെയിലേയ്ക്കുള്ള കുടിയേറ്റം 700, 000 കടന്നതായുള്ള കണക്കുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞവർഷം മാത്രം 135,788 പേരാണ് ആശ്രിത വിസയിൽ യുകെയിലെത്തിയത്. ഇത് 2019 -ലെ കണക്കുകളുടെ ഒമ്പത് ഇരട്ടിയാണ്. കുടിയേറ്റം കുറയ്ക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി റിഷി സുനക്‌ പ്രഖ്യാപിച്ചിരുന്നു .

പുതിയ കുടിയേറ്റം നിയമമനുസരിച്ച് ബിരുദാനന്തര ബിരുദം കഴിഞ്ഞ് ഗവേഷണത്തിനായി യുകെയിലെത്തുന്നവർക്ക് മാത്രമാണ് ആശ്രിതവിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കുന്നത്. ഗവേഷണത്തിനായി യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവാണ്.
യുകെയിൽ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെർമനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം.