ന്യൂസ് ഡെസ്ക് മലയാളം യുകെ
സാംബിയ : മുതലയുടെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ബ്രിട്ടീഷ് വിദ്യാർത്ഥിനി. സാംബിയയിലെ വിക്ടോറിയ വെള്ളച്ചാട്ടത്തിന് സമീപം സാംബെസി നദിയിൽ റാഫ്റ്റിംഗിനിടെയാണ് അമേലി ഓസ്ബോൺ-സ്മിത്ത് (18) നെ മുതല ആക്രമിക്കുന്നത്. അമേലിയുടെ കാലിൽ കടിച്ചു വെള്ളത്തിനടിയിലേക്ക് നീങ്ങിയ മുതലയെ ധീരമായി നേരിട്ട സുഹൃത്താണ് മരണത്തിൽ നിന്ന് അവളെ കൈപിടിച്ചു കയറ്റിയത്. കാലിന് ഗുരുതരമായി പരുക്കേറ്റ അമേലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാംബിയയുടെ തലസ്ഥാനമായ ലുസാക്കയിലുള്ള ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി യുകെയിൽ എത്തിക്കും. ഹാംപ്‌ഷെയറിലെ ആൻഡോവറിൽ നിന്നുള്ള അമേലി, മാതാപിതാക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് സാംബിയയിൽ എത്തിയത്.
കാൽ വെള്ളത്തിലേക്കിട്ട് ബോട്ടിൽ ഇരുന്ന സമയത്തായിരുന്നു മുതലയുടെ ആക്രമണം. അമേലിയെ മുതല പിടികൂടിയത് കണ്ട സുഹൃത്ത് വെള്ളത്തിലിറങ്ങി മുതലയുടെ മൂക്കിൽ നിരന്തരം ഇടിച്ചു. ഇതോടെ അമേലിയുടെ കാലിൽ നിന്നും മുതല പിടിവിട്ടു. “അവൾ ഇപ്പോൾ സാംബിയയിൽ ചികിത്സയിലാണ്. വിദഗ്ധ പരിചരണം നൽകുന്നതിന് ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. കാലിന് ഗുരുതര പരുക്കുണ്ട്. വിഷമകരമായ അവസ്ഥയാണിത്.” അമേലിയുടെ അച്ഛൻ ബ്രെന്റ് ഓസ്ബോൺ-സ്മിത്ത് പറഞ്ഞു.
സാംബിയ ഇപ്പോൾ റെഡ് ലിസ്റ്റിലാണ്. അതിനാൽ മകളെ യുകെയിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുപാട് തടസ്സങ്ങൾ ഉണ്ടെന്ന ആശങ്കയും ബ്രെന്റ് പങ്കുവച്ചു. പത്തടി നീളമുള്ള മുതലയുടെ ആക്രമണത്തിൽ നിന്നും മകളുടെ ജീവൻ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply