ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനിൽ ചാരവൃത്തി ആരോപണത്തിൽ പിടിയിലായ ബ്രിട്ടീഷ് വനിത ലിൻഡ്സി ഫോർമാനെ ഇറാനിയൻ കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. ഭർത്താവ് ക്രെയ്ഗ് ഫോർമാനും ഇതേ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തെഹ്റാനിലെ എവിൻ പ്രിസണിൽ നിന്ന് നൽകിയ അഭിമുഖത്തിൽ ലിൻഡ്സി, താൻ അനുഭവിച്ചതെല്ലാം മനസ്സിന്റെ സഹനപരീക്ഷയാണെന്ന് പറഞ്ഞു. തങ്ങൾ നിരപരാധികളാണെന്നും ഇറാനിയൻ ഭരണഘടന പ്രകാരം നീതിയും ന്യായവും മാത്രമാണ് ആവശ്യപ്പെട്ടതെന്നും അവൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരിയിൽ ഓസ്ട്രേലിയയിലേക്കുള്ള യാത്രയിൽ അഞ്ച് ദിവസത്തെ ഇറാൻ സന്ദർശനത്തിനിടെയാണ് ദമ്പതികൾ അറസ്റ്റിലായത്.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ ഈ ശിക്ഷയെ അന്യായവും അംഗീകരിക്കാനാകാത്തതും ആണെന്ന് വിശേഷിപ്പിച്ചു. ലിൻഡ്സിയുടെ മകൻ ജോ ബെനെറ്റ്, ചാരവൃത്തി ആരോപണത്തിന് തെളിവൊന്നും ഇറാൻ പുറത്തുവിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. മാതാപിതാക്കളെ തിരികെ കൊണ്ടുവരാൻ ബ്രിട്ടീഷ് സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്ന് ജോ ആവശ്യപ്പെട്ടു. ബ്രിട്ടീഷ്-ഇറാനിയൻ പൗരയായ നസാനിൻ സാഗാരി-റാറ്റ്ക്ലിഫും മുമ്പ് ഇതേ ജയിലിൽ തടവിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ലിൻഡ്സിയും ക്രെയ്ഗും ഇപ്പോൾ ജയിലിന്റെ വേർതിരിച്ച വിഭാഗങ്ങളിലാണ് കഴിയുന്നത്.

ഇറാനുമായി ബന്ധപ്പെട്ട വിദേശ പൗരന്മാരുടെ കേസുകൾ സാധാരണയായി വർഷങ്ങളോളം നീളുന്ന സങ്കീർണ്ണമായ ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാറുള്ളു. ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ നടപടിക്ക് തയ്യാറാണെന്ന് പ്രസ്താവിച്ചത് വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കും എന്നാണ് രാഷ്ട്രിയ നിരീക്ഷകർ വിലയിരുത്തുന്നത്.











Leave a Reply