ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഹാരി രാജകുമാരന്റെയും മേഗന്റെയും നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. എന്തുകൊണ്ടാണ് അവർ രാജകീയ ചുമതലകളിൽ നിന്ന് പിന്മാറിയതെന്ന് ദമ്പതികൾ ഈ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തുന്നു. ‘ഹാരി & മേഗൻ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് പുറത്തിറങ്ങിയത്. കൂടുതലും ഇരുവരുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചിരിക്കുന്നത്. “അടച്ച വാതിലുകൾക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് ആരും കാണുന്നില്ല.” ഹാരി രാജകുമാരന്റെ ഈ സംഭാഷണത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്.

“എന്റെ കുടുംബത്തെ സംരക്ഷിക്കാനായി എനിക്ക് ആവുന്നതെല്ലാം ചെയ്യേണ്ടിവന്നു.” ആറ് ഭാഗങ്ങളുള്ള പരമ്പരയുടെ ടീസർ സ്‌ക്രിപ്റ്റിൽ ഹാരി രാജകുമാരൻ പറയുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ ഫാസ്റ്റ് ഫോർവേഡ് സെറ്റ് ഉപയോഗിച്ചാണ് ട്രെയിലർ രംഗം ഒരുക്കിയത്. ഇരുവരുടെയും ഊഷ്മളമായ ബന്ധം മുതൽ മേഗന്റെ പിരിമുറുക്കവും കണ്ണീരും നിറഞ്ഞ ചിത്രങ്ങൾ വരെ അതിൽ ഉൾപ്പെടുന്നു.

ഹാരി-മേഗൻ നെറ്റ്ഫ്ലിക്സ് സീരീസ് അവരുടെ ആദ്യകാല പ്രണയ ദിവസങ്ങളും ഉൾപ്പെടുമെന്ന് സൂചനയുണ്ട്. ഹാരി രാജകുമാരന്റെയും മേഗന്റെയും മാധ്യമങ്ങളുമായുള്ള ബന്ധവും വെളിപ്പെട്ടേക്കാം. അടുത്തയാഴ്ച പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നെറ്റ്ഫ്ലിക്സ് റിലീസ് തീയതി സ്ഥിരീകരിച്ചിട്ടില്ല.