ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഹിന്ദി സംസാരിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് യുവതി. ഇംഗ്ലീഷ് സംസാരിക്കാന്‍ ശേഷിയില്ലാത്ത ഇത്തരം ജീവനക്കാരെ ബ്രിട്ടീഷ് മണ്ണില്‍നിന്ന് പുറത്താക്കണമെന്ന് യുവതി പറയുന്നു. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.

ലണ്ടനിലെ വിമാനത്താവള ജീവനക്കാരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംശജരും ഇന്ത്യക്കാരുമാണെന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഇവരോട് ഇംഗ്ലീഷ് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ വംശീയവാദിയായി മുദ്ര കുത്തിയെന്നും ഇവര്‍ കുറിച്ചു. വംശീയ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരം ആളുകളെ നാടുകടത്തണമെന്നും യുവതി വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പബ്ലിക് പോളിസി സ്‌പെഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലൂസി വൈറ്റ് താന്‍ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ല്‍ എത്തിയെന്നും ഒരു എം&എസ് സ്റ്റോര്‍ സന്ദര്‍ശിച്ചെന്നും എക്‌സിലെ ഒരു പോസ്റ്റില്‍ വെളിപ്പെടുത്തി. അവിടെ മൂന്ന് ജീവനക്കാര്‍ ഇംഗ്ലീഷല്ലാത്ത ഒരു ഭാഷയില്‍ സംസാരിക്കുന്നത് അവര്‍ കേട്ടു. ഏതാണ് ഭാഷയെന്ന് ചോദിച്ചപ്പോള്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് ജീവനക്കാര്‍ അവരെ അറിയിച്ചു. താന്‍ അവരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നും യുവതി പറഞ്ഞു.

പിന്നാലെ ഈ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. യുവതിക്കെതിരെ ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ഇതില്‍ എന്താണ് കുഴപ്പമെന്നും ജീവനക്കാര്‍ എന്ത് നിയമമാണ് ലംഘിച്ചതെന്നും ചിലര്‍ ചോദിച്ചു. ഇതില്‍ അധിക്ഷേപകരമായി എന്ത് കാര്യമാണുള്ളതെന്നും ഒരു ഉപയോക്താവ് കമന്റ് ചെയ്തു. ജീവനക്കാര്‍ക്ക് പരസ്പരം അവരുടെ ഭാഷ സംസാരിക്കാന്‍ അനുവാദമുണ്ടെന്നും എന്തിനാണ് അനാവശ്യമായി തെറ്റിദ്ധാരണകളുണ്ടാക്കുന്നതെന്നും ആളുകള്‍ ചോദിച്ചു.