ബ്രിട്ടീഷ് യുവജനത ജീവിതത്തില്‍ അസന്തുഷ്ടരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അഞ്ചില്‍ മൂന്ന് പേര്‍ ജോലി സംബന്ധമായി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സസ് ട്രസ്റ്റ് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 16 മുതല്‍ 25 വയസു വരെ പ്രായമുള്ള 2200 യുവജനങ്ങളിലാണ് സര്‍വേ നടത്തിയത്. നാലില്‍ ഒരാള്‍ക്ക് പ്രതീക്ഷകള്‍ അസ്തമിച്ചതായുള്ള തോന്നലുകളുണ്ടെന്നും രാജ്യത്തെ യുവജനങ്ങളില്‍ പകുതിയോളം പേര്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നതായും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് യുവത കടുത്ത അസംതൃപ്തി നേരിടുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്.

9 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രിന്‍സസ് ട്രസ്റ്റ് ഈ പഠനം ആരംഭിക്കുന്നത്. രാജ്യത്തിലെ യുവജനത അസംതൃപ്തരും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പിന്നാക്കം പോകുന്നതും നമുക്കുള്ള മുന്നറിയിപ്പാണെന്ന് പ്രിന്‍സസ് ട്രസ്റ്റ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് സ്റ്റാസ് പറയുന്നു. തങ്ങളുടെ ജീവിത ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന വിശ്വാസം പുതിയ തലമുയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ പിടിയിലാണ് മിക്കവരുമെന്ന് നിക്ക് സ്റ്റാസ് പറഞ്ഞു. ഒരുപാട് ആഗ്രഹങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നത് നല്ലൊരു ഭാവിയെ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും ജീവിതത്തിന്റെ ഓരോ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കാന്‍ ഞങ്ങളുണ്ടെന്നും യുവതയെ ബോധ്യപ്പെടുത്തുകയാണ് ഈ ഘട്ടത്തില്‍ നാം അടിയന്തരമായി ചെയ്യേണ്ടത്. പഠിക്കുവാനും സമ്പാദിക്കുവാനും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അവരോട് പറയേണ്ടതുണ്ടെന്നും സ്റ്റാസ് വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവതയെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതിന് സര്‍ക്കാരും ചാരിറ്റികളും യുകെയിലെ കമ്പനികളുമെല്ലാം മുന്നോട്ട് വരേണ്ടതുണ്ട്. യുവജനങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ സാധ്യതകളൊരുക്കുകയും നല്ലൊരു കരിയര്‍ അവര്‍ക്ക് ഒരുക്കി കൊടുക്കേണ്ടതുണ്ടെന്നും ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു.

42 ശതമാനം പേരും തങ്ങളാഗ്രഹിക്കുന്ന വിജയത്തിലെത്താന്‍ അധിക സമ്മര്‍ദ്ദം സഹിക്കേണ്ടി വരുമെന്ന് ബോധ്യമുള്ളവരാണ്. 28 ശതമാനം അത്യാവശ്യ ഘട്ടങ്ങളില്‍ പോലും പരസഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ മടി കാണിക്കുന്നവരാണ്. നല്ലൊരു ജോലിയുണ്ടാകുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് 49 ശതമാനം ആളുകളും കരുതുന്നത്. 61 ശതമാനം പേര്‍ തൊഴില്‍ ജീവിതത്തിന് ഒരു അര്‍ത്ഥം നല്‍കുമെന്ന് ചിന്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.