ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷുകാരിയായ യുവതി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ അമേരിക്കയിൽ അറസ്റ്റിലായി . 28 വയസ്സുകാരിയായ കിം ഹാൾ ആണ് ചിക്കാഗോ വിമാനത്താവളത്തിൽ അറസ്റ്റിലായത്. മെക്സിക്കോയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റ് നടന്നത്. തൻറെ സ്യൂട്ട് കേസിൽ ഏകദേശം 3.5 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ യുകെയിലേയ്ക്ക് കിം ഹാൾ കൊണ്ടുവരാനായി ശ്രമിച്ചു എന്നാണ് പോലീസ് അറിയിച്ചത്.


രണ്ട് സ്യൂട്ട് കേസുകളിലായി 43 കിലോ കൊക്കെയ്നാണ് കിം ഹാളിൽ നിന്ന് കണ്ടെടുത്തത്. ഇതേ തുടർന്നാണ് മിഡിൽസ് ബറോയിൽ നിന്നുള്ള കിം ഹാളിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ കുറ്റം തെളിഞ്ഞാൽ ഇവർക്ക് കുറഞ്ഞത് 60 വർഷത്തെ തടവ് ശിക്ഷ ലഭിക്കുവാൻ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധർ പറഞ്ഞു. കിം ഹാൾ യുകെയിൽ ബ്യൂട്ടീഷനായാണ് ജോലി ചെയ്തിരുന്നത്.

എന്നാൽ സംഭവത്തെ കുറിച്ച് കിം ഹാൾ വിശദീകരിക്കുന്നത് താൻ കുറ്റക്കാരിയല്ലെന്നാണ്. രണ്ട് പുരുഷന്മാർ സ്യൂട്ട് കേസുകൾ കൊണ്ടുപോകാൻ തന്നെ നിർബന്ധിക്കുകയായിരുന്നു എന്നാണ് കിം ഹാൾ വാദിക്കുന്നത്. തൻറെ മകൾ മയക്കുമരുന്ന് കടത്തുകാരിയല്ലെന്ന് അവരുടെ പിതാവ് ജോൺ മാധ്യമങ്ങളോട് പറഞ്ഞു. കിം ഹാളിൻ്റെ കേസ് അടുത്തമാസം 13-ാം തീയതി കോടതി വിചാരണയ്ക്ക് എടുക്കും എന്ന് കുക്ക് കൗണ്ടി കോടതി വക്താവ് പറഞ്ഞു.