ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം

കേരള സർക്കാർ ജനുവരി 1 മുതൽ സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ജലാശയങ്ങളിലും പൊതുസ്ഥലത്തും പ്ലാസ്റ്റിക് മലിനീകരണം അരുതെന്ന് പറഞ്ഞുകൊണ്ട് ഫോർട്ട്‌കൊച്ചി ബീച്ചിൽ സൃഷ്ടിച്ചിരിക്കുന്ന ‘ദി ട്രാപ്’ എന്ന കലാസൃഷ്ടി ശ്രദ്ധേയമാകുന്നു .

ആളുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ 1500 പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചുകൊണ്ട് 25 അടി ഉയരത്തിലും ആറടി വ്യാസത്തിലുമാണ് ഈ മനോഹരമായ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. ഇത് കാണുവാനായി നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കുപ്പിയുടെ ഉള്ളിൽ പ്രവേശിക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

ദി ട്രാപിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ഓരോ കുപ്പിക്കുള്ളിലും മനുഷ്യൻ കുടുങ്ങിനിൽക്കുന്ന പ്രതീതി കാഴ്ച്ചക്കാരിൽ ഉണ്ടാകുന്നു. ഉള്ളിൽ കണ്ണാടികൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ കാലിഡോസ്കോപ്പ് നൽകുന്ന ദൃശ്യഭംഗിയും ഇതിന് നൽകാനാകും. ഇടപ്പള്ളി സ്വദേശിയും സയൻസ് ഫിലിം മേക്കറും പരസ്യചിത്രരംഗത്ത് രണ്ട് പതിറ്റാണ്ട് പരിചയമുള്ള കെ.കെ അജിത്കുമാറിന്റേതാണ് ‘ദി ട്രാപ്’ന്റെ ആശയവും സാക്ഷാത്കാരവും.
കൊച്ചിൻ ഷിപ് യാർഡിന്റെ പിന്തുണയോടെ ജില്ലാഭരണകൂടം, ശുചിത്വമിഷൻ, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തിൽ ഒന്നരലക്ഷം രൂപചെലവിലാണ് ഈ കലാസൃഷ്ടിക്ക് രൂപം നൽകിയത്.
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധന തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ ഈ കലാസൃഷ്ടിക്ക് പ്രാധാന്യം വളരെയേറെയാണ്.

 

ഫോട്ടോ : ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം