കോവിഡ് രോഗം ബ്രിട്ടനെ പിടിച്ചുലച്ച പശ്ചാത്തലത്തിൽ ബ്രിട്ടിഷ് ജനതയ്ക്ക് ആത്മധൈര്യം പകർന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടിഷ് സമയം രാത്രി എട്ടിനാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തത്. വിൻസർ കൊട്ടാരത്തിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശം ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെ പുറത്തുവിടുകയായിരുന്നു.‘ഈ വെല്ലുവിളിയോട് നമ്മൾ എങ്ങനെ പ്രതികരിച്ചുവെന്നതിൽ വരുംവർഷങ്ങളിൽ ഏവർക്കും അഭിമാനിക്കാനാകുമെന്നു കരുതുന്നു. നമ്മുടെ തലമുറ ശക്തരായിരുന്നെന്നു പിന്നാലെ എത്തുന്നവർ പറയും. ഇത് നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന സമയമാണ്. ദുഃഖവും സാമ്പത്തിക ബുദ്ധിമുട്ടുകളും നിരവധി മാറ്റങ്ങളും രാജ്യത്തിന് വെല്ലുവിളിയുയർത്തുന്ന സമയം. ഈ വേളയിൽ നമുക്കു പിന്തുണ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയാം. വീടുകളിൽ നിന്നകന്ന് സേവനരംഗത്ത് സജീവമായി അവർ നമ്മളെ തുണയ്ക്കുന്നു.

സാധാരണ നിലയിൽ രാജ്യത്തെ മടക്കിയെത്തിക്കാൻ ഓരോ മണിക്കൂറും പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരെ പിന്തുണയ്ക്കുന്നതിൽ രാജ്യവും എന്നൊടൊപ്പം ചേരുമെന്നതിൽ സംശയമില്ല. ഒന്നിച്ചാണ് നാം ഈ രോഗത്തെ നേരിടുന്നത്. ഐക്യത്തോടെ, പ്രതിജ്ഞാബദ്ധതയോടെ നിലകൊണ്ട് നമുക്കിത് മറികടക്കാനാകും. ഭൂതകാലത്തിൽ നമ്മൾ ആരായിരുന്നു എന്നതിലല്ല വർത്തമാനകാലത്തിലും ഭാവിയിലുമാണ് ആ അഭിമാനം ഉറപ്പിക്കേണ്ടത്. കോമൺവെൽത്ത് രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള ജനം മറ്റുള്ളവരെ സഹായിക്കാൻ ഒത്തുചേരുന്ന കാഴ്ച ഹ‌ൃദയം കവരുന്നു.

ഭക്ഷണവും മരുന്നുമെത്തിക്കുന്നതിൽ തുടങ്ങി അയൽക്കാരെ കരുതുന്നതിലും ബിസിനസ് സംരംഭങ്ങൾ ദുരിതാശ്വാസത്തിനായി മാറ്റിവയ്ക്കുന്നതുമൊക്കെ നമുക്കു കാണാനാകും. മുൻപു നേരിട്ട ബുദ്ധിമുട്ടുകളെക്കാൾ ഏറെ വ്യത്യസ്തമാണ് കൊറോണ വൈറസ് ഉയർത്തുന്ന വെല്ലുവിളി. ലോകമെമ്പാടും ഉണ്ടായ ശാസ്ത്രമുന്നേറ്റവും സാന്ത്വനനീക്കങ്ങളുമെല്ലാം പൊതുവായ ഒരു ലക്ഷ്യത്തിനാണ്. ആഗോളതലത്തിൽ കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള ആ നീക്കങ്ങളിൽ നമുക്കും പങ്കാളികളാവാം.’

ശുഭദിനങ്ങൾ മടങ്ങി വരുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് രാജ്ഞി അഭിസംബോധന അവസാനിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധ വേളയിൽ പ്രശസ്ത ഇംഗ്ലിഷ് ഗായിക വെറ ലിൻ പാടിയ പ്രശസ്തമായ ‘വീ വിൽ മീറ്റ് എഗെയ്ൻ’ എന്ന വരികൾ എടുത്തുപറഞ്ഞായിരുന്നു ഇത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ