ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചു. എലീസ ഗ്രനാറ്റോ എന്ന യുവതിക്കാണ് ആദ്യത്തെ ഡോസ് നൽകിയത്. ആത്മവിശ്വാസത്തോടെയാണ് താൻ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞകൂടിയായ യുവതി വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട 800 വൊളന്റിയർമാരിൽ രണ്ടുപേരിലാണ് ഇന്നലെ വാക്സിൻ കുത്തിവച്ചത്.

മൂന്നുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ഓക്സ്ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യട്ടിലെ വാക്സിനോളജി പ്രഫസർ സാറാ ഗിൽബർട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘം വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിന്റെ വിജയത്തിൽ എൺപതു ശതമാനവും തനിക്ക് പൂർണ വിശ്വസമുണ്ടെന്നാണ് പ്രഫ. ഗിൽബർട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ അയ്യായിരത്തോളം വൊളന്റിയർമാരിൽ വരും മാസങ്ങളിൽ വാക്സിന്റെ പരീക്ഷണം നടത്താനാണ് പദ്ധതി. പരീക്ഷണത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ തിരഞ്ഞെടുത്ത രാജ്യങ്ങളിലും ട്രയൽസ് നടത്തും.

ട്രയൽസിന് വിധേയരാകുന്ന വൊളന്റിയർമാരെ നിരന്തരം നിരീക്ഷണത്തിനു വിധേയരാക്കും. ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും എന്നാൽ അപകട സാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തുന്നത്. എങ്കിലും ഇതിന്റെ തിയറിറ്റിക്കൽ റിസ്ക് ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ ട്രയൽസിനായി ഉപയോഗിക്കുന്നത്. പരീക്ഷണം വിജയകരമായാൽ സെപ്റ്റംബർ മാസത്തോടെ പത്തുലക്ഷം ഡോസുകൾ ലഭ്യമാക്കത്തക്കവിധമുള്ള ഒരുക്കമാണ് ഓക്സ്ഫഡ് സർവകലാശാല നടത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം രാജ്യത്ത് കോവിഡ് ടെസ്റ്റുകൾ കൂടുതൽ വേഗത്തിലാക്കാനും ആവശ്യമുള്ള ആരോഗ്യ പ്രവർത്തകർക്കെല്ലാം പരിശോധന ഉറപ്പുവരുത്താനുമുള്ള നടപടികൾ ഇന്നലെ പ്രഖ്യാപിച്ചു. ദിവസേന 51,000 പേരെ പരിശോധനയ്ക്കു വിധേയരാക്കാനുള്ള സംവിധാനമാണ് ഇപ്പോൾ സർക്കാരിനുള്ളത്. ഇതു മാസാവസാനത്തോടെ ഒരു ലക്ഷമാക്കും. ഇംഗ്ലണ്ടിലെ ആരോഗ്യ പ്രവർത്തകർക്കും മറ്റ് അവശ്യസേന മേഖലയിൽ ജോലിചെയ്യുന്നവർക്കും അവരുടെ വീടുകളിലുള്ളവർക്കും ഇന്നുമുതൽ ഓൺലൈൻ റജിസ്ട്രേഷനിലൂടെ ടെസ്റ്റിങ്ങിനു വിധേയരാകാൻ സാഹചര്യമൊരുക്കും. ഇത്തരം തൊഴിൽ മേഖലയിൽ മാനേജ്മെന്റിനും തങ്ങളുടെ സ്റ്റാഫിനെ പരിശോധനയ്ക്കു വിധേയരാക്കാൻ ആവശ്യപ്പെടാം.

ലാബിലും ആശുപത്രികളിലും ഉള്ള പരിശോധനകൾക്കു പുറമേ മൊബൈൽ യൂണിറ്റുകളിലൂടെ വീടുകളിലെത്തിയുമാണ് പരിശോധന വ്യാപകമാക്കുക. ഇപ്പോൾ ഐസലേഷനുള്ള എൻഎച്ച്എസ് സ്റ്റാഫിനെ വേഗം പരിശോധനയ്ക്കു വിധേയമാക്കുന്നതുവഴി ഇവരെ എളുപ്പത്തിൽ ജോലിയിൽ തിരികെയെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നിലവിൽ 31 ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളാണ് രാജ്യത്തു പ്രവർത്തിക്കുന്നത്. ഇത് 48 ആക്കും. ആർമിയുമായി സഹകരിച്ച് പോപ് അപ് മൊബൈൽ ടെസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി.