ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെബനനിൽ കരമാർഗമുള്ള ആക്രമണത്തിന് ഇസ്രയേൽ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്രയേൽ ലക്ഷ്യമായി ഹിസ്ബുള്ള മിസൈലുകൾ അയച്ചതിന് പിന്നാലെയാണ് ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി ഈ പ്രഖ്യാപനം നടത്തിയത്. ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 50 ലധികം ആളുകൾ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രി പറഞ്ഞു. യുകെയും യുഎസും ഉൾപ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികൾ ഈ മേഖലയിലെ യുദ്ധം ഒഴിവാക്കാൻ പ്രവർത്തിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യുഎസിന്റെ ഭാഗത്തുനിന്നുള്ള മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ ഇരുപക്ഷവും തമ്മിലുള്ള പോരാട്ടത്തിന് വിരാമമിടാൻ ശ്രമിക്കുന്നതായി ഇന്നലെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏകദേശം 4000 മുതൽ 6000 വരെ ബ്രിട്ടീഷ് പൗരന്മാർ ലെബനനിലുണ്ടെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞദിവസം ബ്രിട്ടീഷ് പൗരന്മാർ എത്രയും പെട്ടെന്ന് ലെബനൻ വിടണമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലെബനനിൽ നിന്നുള്ള വിമാന സർവീസുകൾ മുടങ്ങിയതിനാൽ ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് അറിയാൻ സാധിച്ചത്. അടിയന്തിര പാലായനം ആവശ്യമായി വന്നാൽ പിന്തുണ നൽകാൻ ബ്രിട്ടീഷ് സർക്കാർ 700 ലധികം സൈനികരെ സൈപ്രസിലേക്ക് അയച്ചിട്ടുണ്ട്.
ലെബനനിൽ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷുകാർ രാജ്യം വിടാനുള്ള ഗതാഗത സൗകര്യത്തിന്റെ അഭാവത്തെ കുറിച്ച് തങ്ങളുടെ ആശങ്ക പങ്കുവെച്ചതായി ബിബിസി വെളിപ്പെടുത്തി. രാജ്യത്തെ ഏക സിവിലിയൻ വിമാനത്താവളമായ ബെയ്‌റൂട്ട്-റാഫിക് ഹരിരി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ഒട്ടനവധി വിമാനങ്ങൾ റദ്ദാക്കപ്പെട്ടതായാണ് അറിയാൻ സാധിക്കുന്നത്. മിഡിൽ ഈസ്റ്റ് എയർലൈൻസും ഇറാഖി എയർവേസും ഇറാൻ എയർവെയ്‌സും മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്ന ഏക കമ്പനികൾ. ഇവിടെ നിന്നും രക്ഷപ്പെടാൻ ഫ്ലൈറ്റ് ടിക്കറ്റിനായി പരിശ്രമിച്ച് ലഭിക്കാത്തതിനെ കുറിച്ച് ഒട്ടേറെ ബ്രിട്ടീഷുകാരാണ് പരാതി രേഖപ്പെടുത്തിയത്.
Leave a Reply