ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലാസ്ഗോ : ഞായറാഴ്ച ഓൾഡ് ഫേം മത്സരത്തിന് മുമ്പ് റേഞ്ചേഴ്സ് ആരാധകർ ഐറിഷ് വിരുദ്ധ ഗാനം ആലപിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗ്ലാസ്ഗോ സിറ്റി സെന്റർ വഴി പട്ടിണിയെ പരാമർശിക്കുന്ന ഒരു ഐറിഷ് വിരുദ്ധ ഗാനം ആലപിച്ച് നടക്കുമ്പോൾ പോലീസ് സമീപത്തു നിൽക്കുന്നതും ദൃശ്യത്തിൽ കാണാം. ഐറിഷ് വിരുദ്ധ കത്തോലിക്കാ പെരുമാറ്റം പൂർണ്ണമായും അസ്വീകാര്യമാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ബെർണാഡ് ഹിഗ്ഗിൻസ് പറഞ്ഞു. നടപടിയെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ അദ്ദേഹം കുറ്റപ്പെടുത്തി. വീഡിയോയിൽ ഉള്ളവരെ തിരിച്ചറിയാൻ അന്വേഷണം തുടരുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാധകരുടെ ഇത്തരം പെരുമാറ്റത്തിൽ മാപ്പ് ചോദിച്ചുകൊണ്ട് ക്ലബ്‌ എല്ലാത്തരം വംശീയതയെയും വിഭാഗീയതയെയും വിവേചനത്തെയും എതിർക്കുന്നുവെന്ന് റേഞ്ചേഴ്സ് പറഞ്ഞു.

ഈ സീസണിലെ ആദ്യ ഓൾഡ് ഫേം ഗെയിമിൽ റേഞ്ചേഴ്സ് 1-0ന് കെൽറ്റിക്കിനെ കീഴ് പ്പെടുത്തി. മത്സരം ആരംഭിക്കുന്നതിന് മുമ്പായിരുന്നു ആരാധകരുടെ ഇത്തരത്തിലുള്ള പെരുമാറ്റം. “ഈ ഐറിഷ് വിരുദ്ധ കത്തോലിക്കാ ഗാനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും അവലോകനം ചെയ്യുന്നതുൾപ്പെടെ നിരവധി അന്വേഷണ മാർഗങ്ങൾ ഞങ്ങൾ പിന്തുടരുന്നുണ്ട്. നിരവധി അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഞാൻ പൂർണ്ണമായി പ്രതീക്ഷിക്കുന്നു.” അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഹിഗ്ഗിൻസ് പറഞ്ഞു.

ഏതു തരത്തിലുള്ള വിദ്വേഷവും അന്ധവിശ്വാസവും പൂർണമായും അസ്വീകാര്യമാണെന്ന് സ്കോട്ടിഷ് സർക്കാർ വക്താവും വ്യക്തമാക്കി. “സ്‌കോട്ട്‌ലൻഡ് വൈവിധ്യമാർന്നതും ബഹുസ്വരവുമായ ഒരു സമൂഹമാണ്. ഐറിഷ് വിരുദ്ധ വംശീയത ഉൾപ്പെടെ എല്ലാത്തരം മതഭ്രാന്തും മുൻവിധികളും വംശീയതയും നേരിടാൻ ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ ഞങ്ങൾ പോലീസിനെ പിന്തുണയ്ക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.