ബ്രസല്‍സ്: ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും ബ്രിട്ടീഷ് പൗരന്മാര്ക്ക് യൂറോപ്യന്‍ യൂണിയന് പൗരാവകാശങ്ങള്‍ തുടരാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന് പദ്ധതിയുള്ളതായി സൂചന. പുറത്തായ രേഖകളാണ് ഇതു സംബന്ധിച്ച് സൂചന നല്‍കുന്നത്. പൗരാവകാശങ്ങളും യൂറോപ്പില്‍ ഇപ്പോള്‍ ലഭിച്ചു വരുന്ന ആനുകൂല്യങ്ങളും തുടരാനാകും. യൂണിയന് പ്രാഥമിക നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് സഞ്ചാര സ്വാതന്ത്ര്യം പോലെയുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നാണ് പാര്‍ലമെന്റിലെ ചീഫ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്സ്റ്റാറ്റ് അവതരിപ്പിക്കാനിരിക്കുന്ന പ്രമേയം പറയുന്നത്.
ബ്രിട്ടീഷ് പൗരന്മാരുടെ അവകാശങ്ങള്‍ തുടരണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നയാളാണ് വെര്‍ഹോഫ്സ്റ്റാറ്റ്. കഴിഞ്ഞ വര്‍ഷവും ഇതേ ആവശ്യം ഇദ്ദേഹം ഉന്നയിച്ചിരുന്നു. ബ്രെക്സിറ്റ് മൂലം നഷ്ടപ്പെടുന്ന അവകാശങ്ങളേക്കുറിച്ച് ഒട്ടേറെ ബ്രിട്ടീഷ് പൗരന്മാര് ആശങ്ക അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ അവ പരിഗണിക്കാന്‍ ബ്രെക്സിറ്റ് സംബന്ധിച്ച ഇയു-27 ബില്ലില്‍ ഇടമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സഞ്ചാര സ്വാതന്ത്ര്യം, യൂറോപ്യന്‍ പാര്‍ലമെന്റിലേക്കും അംഗ രാജ്യങ്ങളിലും വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം, ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര സഹായം എന്നിവയാണ് ലിസ്ബണ്‍ ഉടമ്പടിയനുസരിച്ച് ബ്രിട്ടീഷ് പൗരന്മാര് അനുഭവിച്ച് വരുന്നത്. ഇവ ബ്രെക്സിറ്റിനു ശേഷവും തുടരാനാകുമെന്നാണ് ഈ ബില്‍ വ്യക്തമാക്കുന്നത്. ബ്രെക്സിറ്റിന് ഏറ്റവും കടുത്ത വ്യവസ്ഥകള്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ വിമര്‍ശിച്ച ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ടിം ഫാരണ്‍ ഇതിനെ അനുകൂലിച്ചു. വിഭജനത്തിനു പോലും കാരണമായേക്കാവുന്ന ബ്രെക്സിറ്റിന് വെള്ളക്കൊടി കാട്ടിയ ലേബറിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.