ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കംബോഡിയ : ദിവസങ്ങളോളം നീണ്ടുനിന്ന പരിശ്രമത്തിന് ഫലം കണ്ടില്ല. വെസ്റ്റ് സസെക്സിലെ വോർത്തിംഗിൽ നിന്നുള്ള അമേലിയ ബാംബ്രിഡ്ജിന്റെ (21) മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. കംബോഡിയയിലെ കോ റോങ് ദ്വീപിൽ നിന്നും മുപ്പത് മൈൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സിഹാൻക്വില്ലിലേക്ക് മൃതദേഹം കൊണ്ടുപോയി. അമേലിയയുടെ കുടുംബാംഗങ്ങളും അങ്ങോട്ട് തിരിച്ചിട്ടുണ്ട്. അമേലിയയുടെ തിരോധനത്തെ തുടർന്ന് കുടുംബം ദ്വീപിൽ എത്തി അന്വേഷണത്തിൽ പങ്കുചേർന്നിരുന്നു. ഒക്ടോബർ 23 നാണ് കോ റോങിൽ നിന്ന് പെൺകുട്ടിയെ കാണാതായത്.

അമേലിയയുടെ സഹോദരൻ ഹാരിയാണ് തന്റെ സഹോദരിയുടെ മരണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ” ഞാൻ അവളെ കണ്ടു. അതെന്റെ കുഞ്ഞനിയത്തിയാണ്. അവളെ ജീവനോടെ കൊണ്ടുവരാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്റെ കുടുംബത്തോടും കൂട്ടുകാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. അമേലിയ… നീ എന്നോട് ക്ഷമിക്കൂ.. ” വികാരനിർഭരനായി ഹാരി ഇപ്രകാരം കുറിച്ചു. മകളുടെ തിരോധാനവും മരണം ഒരിക്കലും സങ്കല്പിക്കാനാവാത്ത ഒന്നാണെന്ന് പിതാവ് ക്രിസ്റ്റഫർ പറഞ്ഞു.

കോ റോങിലെ ബീച്ചിൽ നിന്ന് അമേലിയയുടെ പേഴ്സ്, ഫോൺ, ബാങ്ക് കാർഡ് എന്നിവ പോലീസ് കണ്ടെത്തിയിരുന്നു. ബീച്ചിലെ പാർട്ടിയിലാണ് അവൾ അവസാനമായി പങ്കെടുത്തത്. മുങ്ങൽവിദഗ്ദർ , നാവികസേന, പ്രദേശവാസികൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ 150 ഓളം വോളന്റിയർമാർ കമ്പോഡിയൻ പോലീസിനൊപ്പം കരയിലും കടലിലും നടത്തിയ തിരച്ചിലിൽ പങ്കുചേർന്നു.

അതിനിടയിൽ തിരച്ചിൽ നടത്തുന്നതിന് വിദേശകാര്യ ഓഫിസ് വേണ്ടത്ര പിന്തുണ നൽകിയില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ സ്റ്റാഫ്‌ നേരിട്ട് ദ്വീപിൽ എത്തി സഹായങ്ങൾ നൽകിയെന്നും അമേലിയക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കാൻ കംബോഡിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ ഓഫീസ് അറിയിച്ചു.