ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ നിന്നുള്ള യാത്രക്കാർ 2022 അവസാനം മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് ഫീസ് അടയ്ക്കണം. പ്രധാനമായി, ബ്രെക്‌സിറ്റിനെ തുടർന്ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതിന്റെ ഫലമായാണ് ഈ മാറ്റം ഉണ്ടാകുന്നത്. ബ്രിട്ടനിൽ നിന്ന് ഷെൻഗെൻ വിസയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് അധിക നിരക്ക് ഈടാക്കും. മറ്റ് യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളെപ്പോലെ ബ്രിട്ടനെ പരിഗണിക്കുകയും ചെയ്യും. യുകെയിൽ നിന്നുള്ള യാത്രക്കാർക്ക് 5.88 പൗണ്ട് (€7) വിസ ഫീസ് ഈടാക്കുമെന്നും ഷെൻഗെൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ വിശദാംശങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും യൂറോപ്യൻ കമ്മീഷൻ സ്ഥിരീകരിച്ചു.
18 നും 70 നും ഇടയിൽ പ്രായമുള്ള യാത്രക്കാർക്ക് വിസ ഫീസ് ബാധകമാണ്. യാത്രയ്ക്ക് മുമ്പ് ഒരു ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ഫോൺ ആപ്പ് വഴിയോ ഈ നടപടി പൂർത്തിയാക്കേണ്ടതുണ്ട്. നിലവിൽ യൂറോപ്യൻ ട്രാവൽ ആന്റ് ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സ്കീമിലൂടെ (ETIAS) 61 യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിലെ താമസക്കാർക്ക് ഷെൻഗെൻ രാജ്യങ്ങളിൽ പ്രവേശിക്കാൻ കഴിയും. ആ രാജ്യങ്ങളിലൂടെ സഞ്ചരിക്കാൻ ഷെൻഗെൻ വിസ ആവശ്യമായി വരുന്നില്ല എന്നതാണ് സ്കീമിന്റെ പ്രത്യേകത. ബ്രെക്‌സിറ്റിനു ശേഷമുള്ള ക്രമീകരണങ്ങളെത്തുടർന്ന്, 2022 അവസാനം മുതൽ യുകെയെ ഈ സ്കീമിലേക്ക് ചേർക്കും.
യൂറോപ്യൻ ട്രാവൽ ആന്റ് ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സ്കീം പാസാക്കുന്നതിനുള്ള നിയമപരമായ നടപടിക്രമം 2016 ൽ ആരംഭിച്ചു. 2022 അവസാനം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. യുകെ, ഓസ്‌ട്രേലിയ, യുഎസ് എന്നിവയുൾപ്പെടെ 60 രാജ്യങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടും. കോവിഡ് കാരണം യുകെയിൽ നിന്ന് യൂറോപ്പ് സന്ദർശിക്കുന്ന യാത്രക്കാരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 2020 ൽ ഗണ്യമായി കുറഞ്ഞിരുന്നു.
Leave a Reply