ഷെറിൻ പി യോഹന്നാൻ

കാറ്റാടി സ്റ്റീൽസിന്റെ ഉടമയായ ജോൺ കാറ്റാടിയുടെ മകനാണ് ഈശോ. അതിസമ്പന്ന കുടുംബം. ബാംഗ്ലൂരിലെ അറിയപ്പെടുന്ന പരസ്യ കമ്പനിയിലാണ് ഈശോയ്ക്ക് ജോലി. ജോണിന്റെ ഉറ്റസുഹൃത്തായ കുര്യൻ നാട്ടിൽ ഒരു പരസ്യ കമ്പനി നടത്തുകയാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി നല്ല ബന്ധം തുടർന്നു പോരുന്നു. അങ്ങനെയിരിക്കെ, ജോണിന്റെയും കുര്യന്റെയും കുടുംബത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കുന്നു.

ഓപ്പണിങ് ക്രെഡിറ്റ്സിലെ രസകരമായ ചിത്രകഥയിലൂടെ പ്രേക്ഷകരിൽ താല്പര്യമുണർത്തുന്ന ചിത്രം ആദ്യപകുതിയിലെ കോൺഫ്ലിക്ടുകൾ ഉടലെടുക്കുന്നിടത്താണ് രസകരമാകുന്നത്. എന്നാൽ ‘ബ്രോ ഡാഡി’യിൽ പറയുന്ന ‘കോൺഫ്ലിക്ട്’ ഒക്കെയും ‘ബഡായി ഹോ’ ഉൾപ്പെടെയുള്ള പല ചിത്രങ്ങളിലും നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ചിത്രത്തിന്റെ കഥാതന്തുവിൽ പുതുമയൊന്നും തോന്നില്ല.

അവതരണരീതിയിലും കഥപറച്ചിലിലും വ്യത്യസ്തത കൊണ്ടുവരാൻ പ്രിത്വിരാജ് തയ്യാറായിട്ടില്ല. ‘ലൂസിഫർ’ ഒരുക്കിയ പ്രിത്വിരാജിൽ നിന്നും ഡിഫോൾട്ടായി പ്രതീക്ഷിച്ചുപോകുന്ന ബ്രില്ല്യൻസ് ഇവിടെ കാണാൻ കഴിയില്ല. ഒരു ഔട്ട്‌ & ഔട്ട്‌ കോമഡി എന്റർടൈനർ ഒരുക്കാനാവും അദ്ദേഹം ശ്രമിച്ചത്. എന്നാൽ അതിൽ പരിപൂർണ്ണമായി വിജയിച്ചിട്ടില്ലെന്ന് പറയാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കളർഫുള്ളായ എന്റർടൈനറാണ് ‘ബ്രോ ഡാഡി’. കൂടുതലൊന്നും ചിന്തിക്കാതെ ഇരുന്ന് കാണാവുന്ന ചിത്രം. മോഹൻലാലും പ്രിത്വിരാജും ഹ്യൂമർ റോളുകളിലെത്തുമ്പോൾ മോഹൻലാലിന്റെ ചില മാനറിസങ്ങൾ രസകരമായിരുന്നു. ലാലു അലക്സിന്റെ പ്രകടനവും ശ്രദ്ധേയം. ദീപക് ദേവിന്റെ സംഗീതവും അഭിനന്ദന്‍ രാമാനുജന്റെ ഫ്രെയിമുകളും ചിത്രത്തിന്റെ മൂഡ് നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. എന്നാൽ കഥാവതരണത്തിലേക്ക് വരുമ്പോഴാണ് ചിത്രം പിന്നിലേക്ക് വലിയുന്നത്.

കണ്ടിരിക്കാവുന്ന ആദ്യ പകുതിയും കണ്ട് മറക്കാവുന്ന ചില രംഗങ്ങളുള്ള രണ്ടാം പകുതിയും ചേരുന്നതാണ് സിനിമ. തിരക്കഥയിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ രണ്ടാം പകുതിയിൽ ചിത്രം ഇഴയുന്നു. സാന്ദർഭിക തമാശകൾ വർക്കൗട്ടായത് ഒഴിച്ചാൽ നിറഞ്ഞു ചിരിക്കാനുള്ള രംഗങ്ങളും സിനിമ നൽകുന്നില്ല. ചില തമാശകൾ നല്ലപോലെ പാളിപോകുന്നുമുണ്ട്.

പുതുമയില്ലാത്ത കഥയിൽ സാന്ദർഭിക തമാശകളുടെ സഹായത്തോടെ കളർഫുള്ളായി ഒരുക്കിയ ചിത്രമാണ് ‘ബ്രോ ഡാഡി’. തിരക്കഥ തളരുമ്പോഴും മറ്റൊരു ‘ധമാക്ക’യിലേക്ക് വീഴാതെ ചിത്രത്തെ പിടിച്ചുനിർത്താൻ പ്രിത്വിരാജിനായിട്ടുണ്ട്. ഒരു തവണ കണ്ട് മറക്കാം. അത്ര മാത്രം.