വീടിനുള്ളില്‍ ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് മകളെ മുറിയില്‍ അടച്ചിടേണ്ടി വന്ന വേദനയില്‍ നീറി നീറി കഴിയുകയാണ് കാസര്‍കോട് വിദ്യാനഗറില്‍ അമ്മ രാജേശ്വരി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകള്‍ അഞ്ജലിയുടെ മനോനില തെറ്റുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ആയതോടെയാണ് ഈ അമ്മയ്ക്ക് മകളെ പൂട്ടിയിടേണ്ടി വരുന്നത്.

കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് വാതില്‍ മുറിയിലാണ് 20 വയസുകാരിയായ അഞ്ജലി ജീവിക്കുന്നത്. ഓട്ടിസം ബാധിച്ചതാണെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരയാണെന്ന് ഈ അമ്മ പറയുന്നു. ചെറുതായിരുന്നപ്പോള്‍, രാജേശ്വരിക്ക് പിടിച്ചു നിര്‍ത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അതിനും കഴിയാത്ത സാഹചര്യമാണുള്ളത്.

അഞ്ജലി അടുത്തുചെല്ലുന്നവരെയെല്ലാം ഉപദ്രവിക്കും. ആരെയും കിട്ടിയില്ലെങ്കില്‍ സ്വയം ശരീരത്തില്‍ കടിച്ച് മുറിവാക്കും. ഈ പാടുകളെല്ലാം അവള്‍ തന്നെ കടിച്ച് മുറിച്ചത് കരിഞ്ഞുണങ്ങിയതാണെന്ന് കൈയ്യിലെ കറുത്ത പാടുകളെല്ലാം കാണിച്ച് അവളുടെ അമ്മ ദയനീയമായി പറഞ്ഞു. ചോറ് കൊടുത്താല്‍ എറിഞ്ഞ് കളയും ഒരു ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. കുളിപ്പിക്കാനും കക്കൂസില്‍ കൊണ്ടുപോകാനും ആഹാരം നല്‍കാനുമൊക്കെയാണ് അജ്ഞലിയെ പുറത്തേക്ക് കൊണ്ടുവരുന്നത്. അപ്പോഴെല്ലാം സഹായം വേണം. കുളിപ്പിക്കിക്കുമ്പോഴൊക്കെ ഉപദ്രവിക്കും. അങ്ങനെ പലതവണ താന്‍ താഴെ തറയില്‍ വീണിട്ടുണ്ടെന്നും ഈ അമ്മ നിറകണ്ണുകളോടെ പറയുന്നു.

ബംഗളുരുവില്‍ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ആ മരുന്ന് കഴിച്ച് തുടങ്ങിയതില്‍ പിന്നെ കുറച്ച് ആശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സ്വന്തമായി വീടില്ലാത്തതിനാല്‍ അമ്മാവന്റെ വീട്ടിലാണ് താമസം. സ്വന്തമായി വീടെന്ന സ്വപ്‌നമാണ് ഈ അമ്മയ്ക്ക് ഇനി ബാക്കിയുള്ളത്.

അക്കൌണ്ട് വിവരങ്ങൾ
RAJESHWARI
AC NO: 42042010108320
IFSC: CNRB0014204
CANARA BANK
KASARAGOD BRANCH