ഉറ്റവർക്ക് ഒരുനോക്ക് കാണാൻ പോലും അവസരം കൊടുക്കാതെ പൊലീസ് സംസ്ക്കരിച്ച ഹാത്രാസിൽ പെൺകുട്ടിയുടെ ചിതയിൽ നിന്നും അസ്ഥി ശേഖരിച്ച് കുടുംബം. മതപരമായി ബാക്കിയുള്ള കർമങ്ങൾ ചെയ്യാനാണ് കുടുംബം അസ്ഥി ശേഖരിച്ചത്. മകളുടെ മൃതദേഹം ആചാരപ്രകാരമല്ല സംസ്കരിച്ചതെന്നും പൊലീസ് പെട്രോൾ ഒഴിച്ചാണ് കത്തിക്കുകയായിരുന്നെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എല്ലിൻ കഷണങ്ങൾ വലിയ ഭാഗങ്ങളായി തന്നെ ചിതയിൽ കിടക്കുന്നതും കാണാം.
അവളുടെ ചിതയിൽ നിന്നും കൈകൾ െകാണ്ട് അവശേഷിച്ച അസ്ഥികൾ ശേഖരിച്ച് പട്ടുതുണിയിൽ ഇടുന്ന സഹോദരന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിശ്വാസപ്രകാരം മൃതദേഹത്തോട് കാണിക്കേണ്ട ആദരവ് പോലും പൊലീസ് കാണിച്ചില്ല എന്ന് ചിതയിൽ നിന്നുതന്നെ വ്യക്തമാണ്.

അതേസമയം ഉത്തർപ്രദേശിലെ ഹത്രസിൽ‌ മരിച്ച ദലിത് പെണ്‍കുട്ടിക്ക് നേരെ ബലാല്‍സംഗം നടന്നതിന്‍റെ ലക്ഷണങ്ങളുണ്ടെന്ന് ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ആദ്യമെത്തിച്ച അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പ്രതികള്‍ ഉപയോഗിച്ചാല്‍ ശരീരത്തില്‍ ബീജത്തിന്‍റെ അംശം കണ്ടെത്താന്‍ കഴിയില്ല. പ്രാഥമിക പരിശോധനയില്‍ ബലം പ്രയോഗിച്ചതായി തെളിഞ്ഞു. ആഗ്രയിലെ സര്‍ക്കാര്‍ ഫൊറന്‍സിക് ലാബില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. പെണ്‍കുട്ടിക്ക് നേരെ ബലാല്‍സംഗം നടന്നതിന്‍റെ തെളിവുകളില്ലെന്ന യുപി പൊലീസിന്‍റെ വാദമാണ് ഇതോടെ പൊളിയുന്നത്.