നാടിന്റെ നൊമ്പരമെന്നോണം ശനിയാഴ്ച തോരാതെ മഴപെയ്തു. കരിങ്കണ്ണിക്കുന്നിലെ വീട്ടുമുറ്റത്തൊരുക്കിയ പന്തലിലേക്ക് നാടൊന്നാകെ ഒഴുകിയെത്തി. അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ കരച്ചിലും കണ്ണീരുമായി വീട്ടുമുറ്റമൊരു സങ്കടക്കടലായി.
ആര്‍ക്കും പരസ്പരം ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ സാധിച്ചില്ല. ഹൃദയംപൊട്ടുന്ന വേദനയില്‍ സഹോദരങ്ങളായ അനൂപിനും ഷിനുവിനും തോരാമഴയില്‍ ജന്മനാട് യാത്രാമൊഴിയേകി.
വികാരി ഫാ. ജോര്‍ജ് കിഴക്കുംപുറത്തിന്റെ സാന്നിധ്യത്തില്‍ വീട്ടില്‍ നടന്ന മരണാനന്തരച്ചടങ്ങുകളില്‍ എല്ലാവരും അനൂപിനും ഷിനുവിനുമായി പ്രാര്‍ഥിച്ചു. പൊതുദര്‍ശനത്തിനുശേഷം പതിനൊന്നോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ തെനേരി ഫാത്തിമമാത പള്ളിയിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോള്‍ തേങ്ങലുകള്‍ പൊട്ടിക്കരച്ചിലുകളായി. ഇരുവരുടെയും അവസാനയാത്ര നൊമ്പരക്കാഴ്ചയായി.
തെനേരി ഫാത്തിമമാത പള്ളിയിലെത്തിച്ചപ്പോഴും വലിയ ജനക്കൂട്ടമുണ്ടായിരുന്നു. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. വിടനല്‍കാന്‍നേരം മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമെല്ലാം നെഞ്ചുപൊട്ടിക്കരഞ്ഞു. പിതാവ് വര്‍ക്കിയുടെയും മാതാവ് മോളിയുടെയും അനൂപിന്റെ ഭാര്യ ജിന്‍സി ജോസഫിന്റെയും സുഹൃത്തുക്കളുടെയും അന്ത്യചുംബനങ്ങളേറ്റുവാങ്ങി ഇരുവരും എന്നന്നേക്കുമായി മടങ്ങി.
രൂപത പിആര്‍ഒ ഫാ. ജോസ് കൊച്ചറക്കല്‍, മുള്ളന്‍കൊല്ലി ഫൊറോന വികാരി ജോര്‍ജ് ആലുക്ക, ഫാ. ജോര്‍ജ് കിഴക്കുംപുറം തുടങ്ങി ഒട്ടേറെ വൈദികരും സന്യസ്തരും ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രീയ-സംസ്‌കാരിക രംഗത്തുള്ളവരും ഇരുവര്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കോഴിഫാമില്‍നിന്ന് ഷോക്കേറ്റാണ് സഹോദരങ്ങളായ വാഴവറ്റ കരിങ്കണിക്കുന്ന് പൂവ്വംനില്‍ക്കുന്നതില്‍ അനൂപ്(38) സഹോദരന്‍ ഷിനു(35) എന്നിവര്‍ മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് കോഴിഫാമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഫെന്‍സിങ്ങില്‍നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രഥമിക നിഗമനം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അനൂപും ഷിനുവും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരുമായിരുന്നു.
കരിങ്കണ്ണിക്കുന്നില്‍ ലീസിനെടുത്ത് നടത്തിയ കോഴിഫാമിലായിരുന്നു അപകടം. 10 ദിവസം മുന്‍പാണ് കോഴിഫാം പ്രവര്‍ത്തനം തുടങ്ങിയത്. പ്രതീക്ഷയോടെ തുടങ്ങിയ ഫാമിലെ ദുരന്തത്തില്‍ പ്രിയപ്പെട്ടവര്‍ നഷ്ടമായതിന്റെ വേദനയിലാണ് വാഴവറ്റ, കരിങ്കണ്ണിക്കുന്ന് ഗ്രാമങ്ങള്‍.
Leave a Reply