ബാർമിങ്‌ഹാം യുവത്വത്തിന് പുതിയ ഉണർവേകി കൊണ്ട് ബ്രമ്മീ മലയാളി ക്രിക്കറ്റ് ക്ലബ്ബിൻറെ ആദ്യത്തെ അവാർഡ് നിശ ആഘോഷപൂർവ്വമായി നടത്തപ്പെട്ടു. ആറുമാസങ്ങൾക്കു മുമ്പ് ജിയാൻ, ജെറി സഹോദരങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ ഈ ക്രിക്കറ്റ് ക്ലബ് വമ്പിച്ച ഒരു വിജയമായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് കൂടാതെ ബാഡ്മിൻറനും ബ്രമ്മീ മലയാളി ക്രിക്കറ്റ് ക്ലബ്ബിൻറെ ഭാഗമാണ്.

വർഷങ്ങളായി ആക്ഷൻ ഇൻഡോർ സ്പോർട്സ് – ക്രിക്കറ്റ് ലീഗിൽ കളിച്ചുകൊണ്ടിരുന്ന ഇവർക്ക് ഇത് മറ്റുള്ളവരിലും കൂടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് തുടങ്ങിയത്. തിരക്കേറിയ സാഹചര്യങ്ങളിലും ജോലിത്തിരക്കിലും പെട്ട് വീടും ജോലിയുമായി മാത്രം കഴിഞ്ഞിരുന്ന പലർക്കും ഒന്നിച്ചു കൂടുവാനും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും, സൗഹൃദങ്ങൾ പങ്കിടുന്നതിനും വേണ്ടിയുള്ള ഒരു വേദിയായി ഈ ക്ലബ്ബ് മാറിയിരിക്കുകയാണ്.

ആഴ്ചയിൽ ഒരിക്കൽ നടന്നുവന്നിരുന്ന ഇൻഡോർ ക്രിക്കറ്റ് മാച്ചുകളിൽ നിന്നും വോട്ടെടുപ്പിലൂടെ വിവിധ അവാർഡുകൾക്ക് അർഹരായവരെ തിരഞ്ഞെടുത്തു.

ക്രിക്കറ്റിനെ ഏറെ സ്നേഹിച്ചിരുന്ന ഇങ്ങനെയൊരു ക്ലബ്ബ് സ്വപ്നം കാണുവാൻ മക്കളെ പഠിപ്പിച്ച അവരുടെ പിതാവായ സിറിയക് അഗസ്റ്റിന്റെ ഓർമ്മയ്ക്ക് വേണ്ടി അവാർഡുകൾ സ്പോൺസർ ചെയ്തത് സിറിയക് ബ്രദേഴ്സിന്റെ അമ്മയായ ആനി സിറിയക് ആണ്.

ക്ലബ്ബിൻറെ ആദ്യ പരിപാടിയായ ഈ അവാർഡ് നിശയ്ക്ക് ഒരു വമ്പിച്ച ജനസാന്നിധ്യവും സഹകരണവും ആണ് ഉണ്ടായത്. ആസ്വാദകരുടെ മനം കവരുന്ന രീതിയിൽ വിവിധ കലാപരിപാടികളും നടത്തപ്പെടുകയുണ്ടായി. തുടർന്നുള്ള കാലങ്ങളിൽ ഈ ക്രിക്കറ്റ് ക്ലബ്ബിന് വലിയ ഉയരങ്ങൾ കൈയടക്കുവാനും മറ്റുള്ള മലയാളി ക്ലബ്ബുകൾക്ക് ഒരു മാതൃക ആയി മാറുവാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
https://www.instagram.com/brummiemalayalicricketclub?igsh=MTlvcHB0d3FpM3JvMQ==