സംരംഭങ്ങള്‍ ആരംഭിക്കുകയെന്നത് ഒരു ചെറിയ കാര്യമല്ല. സ്വന്തം ബിസിനസ്സ് ആരംഭിക്കുന്ന ഓരോരുത്തരും സമൂഹത്തിന് കൂടി സംഭാവന നല്‍കുന്നവരാണ്. അവരിലൂടെ മറ്റ് നിരവധി കുടുംബങ്ങളിലേക്ക് കൂടിയാണ് പുരോഗതിയുടെ വെളിച്ചം കടന്നെത്തുന്നത്. ഇത്തരത്തില്‍ ചെറുതും വലുതുമായ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടവര്‍ ഒത്തുചേരുമ്പോള്‍ അറിവിന്റെയും, വളര്‍ച്ചയുടെയും പുതിയ പാതകള്‍ കൂടി താണ്ടുകയാണ്. ആ പാതയിലേക്കുള്ള ആദ്യ ചുവട് വെച്ചുകൊണ്ട് ബ്രിസ്റ്റോളിലെ മലയാളി സംരംഭകര്‍ ഒത്തുചേര്‍ന്ന് ബ്രിസ്റ്റോള്‍ മലയാളി ബിസിനസ്സ് ഫോറത്തിന് രൂപം നല്‍കി.
ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ചര്‍ച്ച് ഹാളിലാണ് ബ്രിസ്റ്റോള്‍ മലയാളി ബിസിനസ്സ് ഫോറത്തിന്റെ രൂപീകരണ യോഗം നടന്നത്. സ്വന്തമായി വിവിധ തരത്തിലുള്ള ബിസിനസ്സുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി മലയാളികള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രഥമ ബ്രിസ്റ്റോള്‍ മലയാളി ബിസിനസ്സ് ഫോറത്തിന് നേതൃത്വം നല്‍കാന്‍ താഴെപ്പറയുന്നവരെയാണ് തെരഞ്ഞെടുത്തത്:
പ്രസിഡന്റ്: പ്രസാദ് ജോണ്‍
സെക്രട്ടറി: ജിത്തു സെബിന്‍
വൈസ് പ്രസിഡന്റ്: സാജന്‍ സെബാസ്റ്റ്യന്‍
ട്രഷറര്‍: ജോമി ജോണ്‍
പിആര്‍ഒ: ജെഗി ജോസഫ്
പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രസാദ് ജോണ്‍ ബ്രിസ്റ്റോളില്‍ കോസ്റ്ററ്റിയൂംസ് ആര്‍ എസ് എന്ന ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമയാണ്. ബ്രിസ്റ്റോള്‍ മലയാളികള്‍ക്കിടയില്‍ ആഴത്തിലുള്ള ബന്ധങ്ങളുമായി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. വൈസ് പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍ വര്‍ഷങ്ങളായി ബ്രിസ്റ്റോളില്‍ ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയാണ്.
സെക്രട്ടറിയായി തെരഞ്ഞെടുത്ത ജിത്തു സെബിന്‍ അറിയപ്പെടുന്ന ഒരു യുവ സംരഭകനാണ്. ബ്രിസ്റ്റോളിലെ ക്ലിഫ് ടണ്‍ കേന്ദ്രീകരിച്ചാണ് ഇദ്ദേഹം ബിസിനസ്സ് നടത്തുന്നത്. ട്രഷറര്‍ ജോമി ജോണ്‍ യുകെയിലെ അറിയപ്പെടുന്ന അക്കൗണ്ടന്‍സി സ്ഥാപനമായ ജോണ്‍സ് അക്കൗണ്ടന്‍സി യുടെ ഡയറക്ടര്‍ ആണ്. പിആര്‍ഒ ആയി തിരഞ്ഞെടുക്കപ്പെട്ട ജെഗി ജോസഫ് യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ് അഡ് വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫൈനാന്‍ഷ്യല്‍സ് ലിമിറ്റഡിന്റെ ഡയറക്ടറും ഓണ്‍ലൈന്‍ പോര്‍ട്ടലായ യൂറോപ്പ് മലയാളിയുടെ എഡിറ്ററുമാണ്.
മാറുന്ന കാലത്തിന് അനുയോജ്യമായ ബിസിനസ്സുകള്‍ തെരഞ്ഞെടുത്ത് കൊണ്ട് വിജയത്തിന്റെ പടികള്‍ കയറുന്നവരാണ് ഈ ബിസിനസ്സ് കൂട്ടായ്മയുടെ ഭാഗമാകുന്നത്. ബ്രിസ്റ്റോളിലെ ഓണ്‍ലൈന്‍, അക്കൗണ്ടിംഗ്, മോര്‍ട്ട്‌ഗേജ്, ഇവന്റ് മാനേജ്‌മെന്റ്, ഹോട്ടല്‍, ഷോപ്പ്‌സ്. തുടങ്ങി വിവിധ ബിസിനസ്സ് രംഗങ്ങളില്‍ നിന്നുമുള്ളവര്‍ ഈ കൂട്ടായ്മയ്ക്കായി കൈകോര്‍ക്കുന്നു. ബിസിനസ്സ് സംരംഭങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ നേരിടേണ്ട വിവിധ സര്‍ക്കാര്‍, നിയമ നടപടികളില്‍ സഹായകരമാകുന്ന തരത്തിലാണ് മലയാളി ബിസിനസ്സ് ഫോറം പ്രവര്‍ത്തിക്കുക.
ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുകയും, ഭാവിയില്‍ ഈ വഴി സ്വീകരിക്കാന്‍ താല്‍പര്യവുമുള്ള മലയാളികള്‍ക്ക് ഗവണ്‍മെന്റ് ഇതര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാനും, ചേംബര്‍ ഓഫ് കൊമേഴ്സ് പോലുള്ള സംരംഭവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ഫോറം സഹായിക്കും. ബ്രിസ്റ്റോള്‍ മലയാളി ബിസിനസ്സ് ഫോറത്തിനും, കൂട്ടായ്മയുടെ സാരഥ്യം ഏറ്റെടുത്ത എല്ലാവര്‍ക്കും ആശംസകള്‍.
Leave a Reply