ഓണ്‍ലൈന്‍ ബാങ്കിങ്ങിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് ടിഎസ്ബി ബാങ്ക്. ഈ തകരാര്‍ മൂലം ഉപഭോക്താക്കളിലുണ്ടാകുന്ന ആഘാതം കുറയ്ക്കാന്‍ 10 മില്യന്‍ പൗണ്ടാണ് ബാങ്ക് ഇതുവരെ ചെലവഴിച്ചിരിക്കുന്നതെന്നും ബാങ്ക് മേധാവി പോള്‍ പെസ്റ്റര്‍ പറഞ്ഞു. തകരാറില്‍ നിന്ന് കരകയറാനുള്ള പരിശ്രമം തുടര്‍ന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ ഐടി പ്ലാറ്റ്‌ഫോം മാറാനുള്ള ശ്രമത്തിനിടെയാണ് തകരാറുണ്ടായത്. ആറ് ദിവസത്തിനു ശേഷവും ഇത് പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. തകരാറുണ്ടായതിന്റെ ഉത്തരവാദിത്തം വ്യക്തിപരമായി താനും ഏറ്റെടുക്കുന്നുവെന്ന് പെസ്റ്റര്‍ പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ഓണ്‍ലൈന്‍ സര്‍വീസുകളിലെ തകരാര്‍ പരിഹരിച്ചുവെന്ന് അവകാശപ്പെട്ട് പെസ്റ്റര്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തെറ്റായ വിവരങ്ങളടങ്ങിയ ട്വീറ്റിനെ സോഷ്യല്‍ മീഡിയ കണക്കറ്റ് പരിഹസിക്കുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ഓണ്‍ലൈന്‍ ബാങ്കിംഗിന്റെ 50 ശതമാനം മാത്രമാണ് പ്രവര്‍ത്തനക്ഷമമായിരിക്കുന്നതെന്ന് അദ്ദേഹം തിരുത്തി. ഇപ്പോള്‍ ഞങ്ങള്‍ കുറച്ച് മോശം അവസ്ഥയിലൂടെ കടന്നു പോകുകയാണ്. എന്നാല്‍ വളരെപ്പെട്ടെന്ന് തന്നെ ഇതില്‍ നിന്ന് മടങ്ങിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഓണ്‍ലൈനിലെ തകരാറ് എന്ന് പരിഹരിക്കാനാകുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും തെറ്റായ ട്വീറ്റ് നല്‍കിയത് തന്റെ ഐടി ടീമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും പെസ്റ്റര്‍ പറഞ്ഞു. ഉപഭോക്താക്കളുടെ രോഷം ശമിപ്പിക്കാനുള്ള നടപടികളും ബാങ്ക് കൈക്കൊണ്ടിട്ടുണ്ട്. ഏപ്രിലിലെ ഓവര്‍ഡ്രാഫ്റ്റ് ഫീസുകളും ഇന്ററസ്റ്റ് ചാര്‍ജുകളും കുറച്ചിട്ടുണ്ട്. അതുപോലെ ചില സേവിംഗ്‌സ് അക്കൗണ്ടുകളിലെ പലിശനിരക്കുകളില്‍ വര്‍ദ്ധനയും വരുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ തങ്ങളുടെ നിക്ഷേപത്തിലുള്ള പണം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി രംഗത്തുണ്ട്.