കൂടത്തായിയിലെ കൊലയാളി ജോളിയും തിരൂപ്പൂരിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരനുമായ ജോണ്‍സണും തമ്മില്‍ എന്താണ് ബന്ധം?
ജോളി ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് ജോണ്‍സണെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇയാളെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. തിരുപ്പൂരിലാണ് ജോലിയെങ്കിലും ജോണ്‍സണ്‍ കൂടത്തായി സ്വദേശിയാണ്. ജോളി അടുത്ത സുഹൃത്താണെന്നും അവരുടെ കയ്യില്‍ നിന്ന് പലതവണ സ്വര്‍ണം പണയം വയ്ക്കാന്‍ വാങ്ങിയിട്ടുണ്ടെന്നും ജോണ്‍സണ്‍ സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അല്ലാതെ മറ്റ് ഇടപാടുകള്‍ ഇല്ലെന്നും വ്യക്തമാക്കി. വ്യാജ രേഖകള്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉണ്ടാക്കിയെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. ജയശ്രീ എന്ന വില്ലേജ് ഓഫീസറും ജോളിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. റവന്യൂ രേഖകള്‍ തിരുത്താന്‍ ജയശ്രീ സഹായിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ജയശ്രീ അവരുടെ നാട്ടിലാണ് ജോലി ചെയ്തിരുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു.
ജോളിയുമായി സംസാരിച്ചതിന്റെ ഒരു ക്ലിപ്പ് തന്റെ കയ്യിലുണ്ടെന്നും അതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് അത് കൈമാറുമെന്നും വ്യക്തമാക്കി. അന്വേഷണത്തിന്റെ ഓരോഘട്ടം കഴിയുന്തോറും ജോളിയുമായി അടുപ്പമുള്ള കൂടുതല്‍ ആളുകളെ കണ്ടെത്തുകയും അവര്‍ക്കുള്ള പങ്കില്‍ സംശയം തോന്നുകയും ചെയ്യുന്നതിനാല്‍ വലിയ വെല്ലുവിളിയാണ് കേരളാ പൊലീസിനുള്ളത്. ജോണ്‍സണെ പോലെ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളേയും ജോളി വിളിച്ചിട്ടുണ്ട്. അവരെയെല്ലാം ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ ബന്ധുവിനെ് ചോദ്യം ചെയത ശേഷം വിട്ടയച്ചു. ഷാജുവിന്റെ പിതാവ് സക്കറിയയേയും ചോദ്യം ചെയ്യും. സിലിയുടെ മകള്‍ മരിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടെന്ന് സക്കറിയ വാശിപിടിച്ചതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ജോളിക്കുള്ള ബന്ധങ്ങളെ കുറിച്ച് അറിവില്ലായിരുന്നെന്നാണ് രണ്ടാം ഭര്‍ത്താവ് ഷാജു പറയുന്നത്. പലപ്പോഴും ജോളി ദീര്‍ഘനേരം ഫോണ്‍ ചെയ്യുമായിരുന്നു. അത് ഇഷ്ടമില്ലായിരുന്നു. എന്നാല്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ എതിര്‍ത്തില്ല. സിലി മരിച്ചപ്പോള്‍ തനിക്കൊപ്പം അന്ത്യചുംബനം നല്‍കാന്‍ ജോളി എത്തിയത് അവളുടെ ആസൂത്രിതമായ നീക്കമായിരുന്നു. പൊലീസ് അന്വേഷിച്ച് കണ്ടെത്തും വരെ ജോളി എന്‍ഐടി അധ്യാപികയല്ലെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഷാജു പറയുന്നത്. എന്നാല്‍ ഫോണ്‍ വിളികളില്‍ നിന്നൊക്കെ അധ്യാപിക ആണെന്ന് കേള്‍ക്കുന്ന ആര്‍ക്കും മനസിലാകുമായിരുന്നു. അതിനാലാണ് കൂടുതല്‍ അന്വേഷണം നടത്താതിരുന്നത്.
സിലി മരിച്ച് മൂന്ന് മാസം കഴിഞ്ഞ ശേഷം ഷാജുവുമായുളള വിവാഹത്തെ കുറിച്ച് ജോളി ഇളയ മകനോട് പറഞ്ഞിരുന്നു. എന്നാല്‍ അവന്‍ എതിര്‍ത്തു. പക്ഷെ, മറ്റ് ചില ബന്ധുക്കള്‍ ഇടപെട്ട് മകനെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു എന്ന് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചി പറയുന്നു. അതിനാല്‍ താന്‍ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ ജോളി ചെയ്തിരുന്നു എന്ന് വ്യക്തമാണ്. സിലിയുടെ മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഷാജുവിന്റെ പിതാവ് സക്കറിയ എതിര്‍ത്തതില്‍ ചില ദുരൂഹതകളുണ്ട്. അയാളെ തങ്ങളെ വീട്ടില്‍ പിന്നീട് കയറ്റിയിട്ടില്ലെന്ന് റെഞ്ചി ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനാല്‍ സക്കറിയെ ചോദ്യം ചെയ്താലേ അതിനുള്ള ഉത്തരം കിട്ടൂ. ഒരുപാട് ചോദ്യങ്ങളും അതിലേറെ ഉത്തരങ്ങളും അതിനൊക്കെ വ്യക്തത വരുത്തുമ്പോഴേക്കും പിന്നെയും ചോദ്യങ്ങളുയരുന്നു. അങ്ങനെ അന്വേഷണ സംഘത്തിന് ഒരു ഹെര്‍ക്കുലിയന്‍ ടാസ്‌ക്കാണ് ജോളി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അത് ഇഴകീറി പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
Leave a Reply