ഇന്ത്യയിലെ കോവിഡ് 19 മരണം സംബന്ധിച്ച യഥാര്‍ഥ കണക്ക് ഞെട്ടിക്കുന്നതെന്ന് പഠനം. ഇന്ത്യയില്‍ കോവിഡ് 19 മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 49 ലക്ഷത്തോളം വരുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് പഠനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്‌മെന്റ് എന്ന ഏജന്‍സിയാണ് പഠനം നടത്തിയത്. ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, ഗവേഷകരായ അഭിഷേക് ആനന്ദ്, ജസ്റ്റിന്‍ സാന്‍ഡേഫര്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം തയ്യാറാക്കിയത്.

രാജ്യത്ത് ഇതുവരെ 4.18 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയിലെ മരണസംഖ്യ. എന്നാല്‍ ഇതിന്റെ പത്തിരട്ടിയോളമാണ് യഥാര്‍ഥ മരണസംഖ്യയെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ യഥാര്‍ഥ മരണ സംഖ്യ 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് പഠനം പറയുന്നത്.

2020ല്‍ ശക്തമായ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ വലിയതോതില്‍ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപകമായതോടെ രാജ്യത്തിന്റെ ചികിത്സാ സംവിധാനം നിറഞ്ഞുകവിഞ്ഞു. മേയ് മാസത്തില്‍ മാത്രം 1,70,000 പേര്‍ മരിച്ചതായി ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നുണ്ടെന്ന് പഠനം പറയുന്നു.

ഇന്ത്യയിലെ മരണനിരക്ക് സംബന്ധിച്ച് മൂന്ന് വ്യത്യസ്ത തരത്തിലുള്ള ഡാറ്റയാണ് പഠനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് മുന്‍പ് രാജ്യത്തെ മരണനിരക്കുമായി താരതമ്യം ചെയ്താണ് കോവിഡ് മരണങ്ങള്‍ കണക്കാക്കിയിരിക്കുന്നത്. നിലവില്‍ വിലയിരുത്തപ്പെടുന്നതിനേക്കാള്‍ രൂക്ഷമാണ് കോവിഡിന്റെ ആദ്യ തരംഗത്തിലെ മരണനിരക്കെന്നാണ് ലഭിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് പഠനം പറയുന്നു.