ന്യൂസ് ഡെസ്ക്, മലയാളം യുകെ
പരമ്പരാഗത ലാൻഡ്‌ലൈൻ ഫോണുകളുടെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് ബ്രിട്ടൻ. ഇനി ഇൻറർനെറ്റ് അടിസ്ഥാനത്തിലുള്ള സേവനങ്ങളിലേയ്ക്ക് ലാൻഡ് ഫോണുകൾ മാറ്റപ്പെടുകയാണ്. ഇതിൻറെ ഭാഗമായി പരമ്പരാഗത ടെലിഫോണുകൾ ഉപയോഗിച്ചിരുന്നവരെ എങ്ങനെയാണ് പുതിയ സംവിധാനം ബാധിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്കായി ബ്രിട്ടീഷ് ടെലി കമ്മ്യൂണിക്കേഷൻ പങ്കിട്ടു.
പരമ്പരാഗത ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സാങ്കേതികവിദ്യ മാറുമെങ്കിലും ഉപയോഗിക്കുമ്പോൾ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല എന്ന ഉറപ്പാണ് ബി റ്റി നൽകുന്നത്. ഇതുകൂടാതെ നിലവിലെ നമ്പറിനും യാതൊരു മാറ്റവും സംഭവിക്കുകയില്ല . പക്ഷേ പവർകട്ട് ഉണ്ടാക്കുന്ന സമയത്തോ ബ്രോഡ്ബാൻഡ് തകരാറിലാകുന്ന സമയത്തോ ഫോൺ പ്രവർത്തനരഹിതമായിരിക്കും എന്ന പ്രശ്നം ഉണ്ടെന്ന് ബി റ്റി അറിയിച്ചു . മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഉള്ള സമയത്ത് ആൾക്കാർക്ക് അടിയന്തിര സേവനങ്ങൾ ലഭ്യമാക്കാനുള്ള 999 തുടങ്ങിയ നമ്പറുകളിലേക്ക് എങ്ങനെ വിളിക്കാൻ പറ്റും എന്നതാണ് പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇത്തരം പ്രശ്നങ്ങൾ മൊബൈൽ ഫോൺ സിഗ്നൽ മോശമായ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ കടുത്ത ആശങ്കയുണ്ടായിട്ടുണ്ട്.
നിലവിൽ ഇൻറർനെറ്റ് കണക്ഷൻ ഇല്ലാത്ത വീടുകൾക്ക് പുതിയ സാങ്കേതികവിദ്യ വരുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ബി റ്റി നൽകി കഴിഞ്ഞു. ഇവർക്ക് എങ്ങനെ ഫോൺ സംവിധാനം നടപ്പിലാക്കാൻ സാധിക്കും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട് . രാജ്യത്ത് ഒരുഫോൺ സേവനവും ലഭ്യമല്ലാത്തവർ ഉണ്ടാവില്ലെന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുമെന്നും ഇൻറർനെറ്റ് സൗകര്യം നിർബന്ധമാക്കിയതിന് കൂടുതൽ പണം അധികമായി ഈടാക്കില്ലെന്നും ബി റ്റി യുടെ ഭാഗത്തുനിന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പുതിയ സംവിധാനം നടപ്പിൽ വരുത്തുന്നതിനെ ഭാഗമായി മൊബൈൽ ഫോൺ ഇല്ലെങ്കിലോ സിഗ്നൽ ഇല്ലാത്ത സ്ഥലത്ത് ഉള്ളവരോ ആണെങ്കിൽ 03301234150 എന്ന നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply