കാരൂർ സോമൻ
എത്ര കണ്ടാലും കണ്ടാലും മതി വരില്ല ബക്കിംഗ്ഹാം കൊട്ടാരം. രാവിലെ തന്നെ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് അകത്തേക്കു കടന്നു. ഇതിനപ്പുറം ഒരു കൊട്ടാരകാഴ്ചയില്ല എന്ന് മനസ്സിലാക്കി തന്നെയാണ് ആദ്യം ഈ കൊട്ടാരം കാണാൻ തീരുമാനിച്ചത്. സാധാരണ സഞ്ചാരികളിൽ പലരും ആദ്യം മറ്റ് കൊട്ടാരങ്ങളും ഒടുവിൽ ബക്കിംഗ്ഹാം കൊട്ടാരവും കാണുന്ന പതിവുണ്ട്. ഇതുമാത്രം കണ്ട് മടങ്ങുന്നവരുമുണ്ട്. ഭൂതകാലത്തിന്റെ സ്പന്ദനങ്ങൾ, ഹൃദയത്തുടിപ്പുകൾ… അജ്ഞാതമായ ഒരു ലോകത്തേക്കാണ് ഇവിടത്തെ കാഴ്ചകൾ നമ്മെ നയിക്കുന്നത്. ആ കാഴ്ചകൾ ഒരു ദേശത്തിന്റെ ദേശീയ പൈതൃകവും സന്പത്തുമാണ്. ഈ നക്ഷത്രകൊട്ടാരങ്ങളിലെ ഓരോ തൂണിലും മരതകക്കല്ലുകളിലും സ്വർണ്ണച്ചാമരങ്ങളിലും എണ്ണുവാനാകാത്തവിധം കണ്ണുനീർമുത്തുകളോ അതോ മന്ദഹാസമോ ഒളിഞ്ഞിരിക്കുന്നുണ്ടാവും. കണ്തുറന്ന് നോക്കുന്പോൾ ഇതിനുള്ളിലെ ദിവ്യസൗന്ദര്യം ആദരവോടെ കാണുന്നു.
ഇൻഡ്യയിലെ മൈസൂരിലും രാജസ്ഥാനിലും മറ്റ് പല പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം രാജകൊട്ടാരങ്ങളുണ്ട്. സ്പെയിൻ മാഡ്രിഡിലെ റോയൽ കൊട്ടാരം, ഫ്രാൻസിലെ ലോവറി, വെർസാലിസ്, റോമിലെ ക്വയിറനൽ, വിയന്നയിലെ ഹോഫ്ബർഗ്, ജപ്പാൻ ടോക്കിയോവിലെ ഇംപീരിയൽ , ആംസ്റ്റർഡാമിലെ റോയൽ കൊട്ടാരം തുടങ്ങിയവയൊക്കെ വ്യത്യസ്തമായ അനുഭവമാണ്. പക്ഷേ, ബക്കിംഗ്ഹാം അതിന്റെ തനതായ കാഴ്ചകളാൽ വ്യത്യസ്തങ്ങളായി നില്ക്കുന്നു.
ലോകത്തെ സർവദ്വീപുകളും കീഴടക്കിയ ബ്രിട്ടനിലെ സ്വർണ്ണദ്വീപിനെപ്പോലെ തിളങ്ങുന്ന ബക്കിംഗ്ഹാം കൊട്ടാരത്തിനു മുന്നിലാണ് ഞാൻ നില്ക്കുന്നത്. എണ്ണമറ്റ കുതിരപ്പടയോട്ടങ്ങൾ നയിച്ച രാജ്ഞീ രാജാക്കന്മാരുടെ പടച്ചട്ടകളും അന്നത്തെ യുദ്ധസാമഗ്രികളുമടക്കമുള്ളവ ഇതിനുള്ളിൽ തിളങ്ങി നിൽക്കുന്നു. ഇത് എല്ലാ കൊട്ടാരങ്ങളിലും കാണാം. റോമൻ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം പോലെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവർണ്ണകാലം. ബി.സിയിൽ റോമൻ ചക്രവർത്തിയായിരുന്ന അലക്സാണ്ടർ പഞ്ചാബിലെ പോറസ് രാജാവിനെ കീഴ്പെടുത്തിയിട്ട് മഗധ രാജ്യം കീഴടക്കാൻ ജൈത്രയാത്ര നടത്തുന്പോഴാണ് അദ്ദേഹം രോഗബാധിതനായി ഗ്രീസിലേക്ക് മടങ്ങിയത്. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയെ കീഴടക്കി നൂറ്റാണ്ടുകളായി ഭരിച്ചു.
ബ്രിട്ടൻ ഒരു ദ്വീപാണെന്ന് പലർക്കുമറിയില്ല. ലോകത്തെ ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ ദ്വീപാണിത്. ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തവരാണ് ജർമനിയിൽ നിന്നുള്ള അങ് ലെസ എന്ന ഗോത്രവർഗം. ഇവരിൽനിന്നാണ് ഇംഗ്ലണ്ട് എന്ന പേരുണ്ടായത്. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ വെസ്റ്റ് മിൻസ്റ്റർആബിയിലാണ് ഈ ലോക പ്രശസ്ത കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നിലാവ് പരന്നൊഴുകുന്ന ആകാശത്തിന് കീഴിൽ ഇതൊരു കൊച്ചു കൊട്ടാരമായി തോന്നുമെങ്കിലും ഇതിനുള്ളിലെ കാഴ്ചകൾ നക്ഷത്രമാലകളാൽ വർണോജ്വലമാണ്. രാജ്യത്തിന്റെ സന്പൽസമൃദ്ധിപോലെ അതിനുള്ളിലെ ധനവും ഐശ്വര്യവും അവിടെയെല്ലാം ശോഭപരത്തുന്നു. വെടിയുണ്ടകൾ തുളച്ചുകയറിയ ഓരോ രാജ്യത്തിന്റെ മുദ്രണങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.
പേരിന്റെ വരവ്
എ.ഡി.1703ൽ പണിതീർത്ത ബക്കിംഗ്ഹാം ഭവനത്തിന് 1837ൽ വിക്ടോറിയ രാജ്ഞിയാണ് ബക്കിംഗ്ഹാം കൊട്ടാരം എന്ന് പേരിട്ടത്. മാഡ്രിഡിലെ റോയൽ കൊട്ടാരവും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാണ് നൽകുന്നത്. ഈ കൊട്ടാരമുറികളെക്കാൾ കുറച്ചുകൂടി വിസ്തീർണ്ണമുള്ളതാണ് അവിടത്തെ മുറികൾ. എല്ലായിടത്തും ഇംഗ്ലീഷടക്കം പല ഭാഷകളിൽ ഓരോന്നിനെപ്പറ്റിയും ചരിത്രം എഴുതിവച്ചിട്ടുണ്ട്. ഓരോ മുറി കയറിയിറങ്ങുന്പോഴും ഹെഡ്ഫോണിലൂടെ ഓരോ കാഴ്ചകളെപ്പറ്റി വിവരമുണ്ട്. ഓരോ സന്ദർശകനും സെക്യൂരിറ്റിയുടെ പൂർണവലയത്തിലാണ് നടക്കുന്നത്.
അതിമനോഹരങ്ങളായ പൂക്കളാൽ അലംകൃതമായ കൊട്ടാരത്തിന് മുന്നിൽ 1911ൽ തീർത്ത വിക്ടോറിയ രാജ്ഞിയുടെ സുവർണ്ണ സ്തൂപം സ്വർണനിറത്തിൽ തലയുയർത്തി നിൽക്കുന്നു. കൊട്ടാരത്തിന് കാവൽനിൽക്കുന്ന പാറാവുകാരുടെ കറുത്ത മൂടിയുള്ള തൊപ്പിയും ചുവന്ന കുപ്പായവും ചേഞ്ച് ഓഫ് ഗാർഡ് കാണാൻ നൂറു കണക്കിന് സന്ദർശകരാണ് രാവിലെ വരുന്നത്. ബാൻഡ്മേളവും ഒരു നാടൻപെണ്ണിനെപ്പോലെ നാണിച്ചു നോക്കുന്ന കുതിരകളും കൊട്ടാരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.
അദ്ഭുതങ്ങൾ നിറഞ്ഞ പാലസ്
കൊട്ടാരത്തിനകത്തുള്ള വിശാലമായ ഉദ്യാനങ്ങൾ, ജലാശയങ്ങൾ, അരയന്നങ്ങൾ, മരങ്ങൾ എല്ലാം കൗതുക കാഴ്ചയാണ്. എല്ലാവർഷവും 50000ത്തിലധികം സന്ദർശകരാണ് ഇവിടേക്കു വരുന്നത്. ഇത് പഴയ കണക്കാണ്. ലോകത്തിലെ വിശിഷ്ട അതിഥികളെ സ്വീകരിക്കുന്നതും ഈ കൊട്ടാരത്തിലാണ്. ചെറുതും വലുതുമായ 848 മുറികളാണുള്ളത്.
78 ബാത്ത് മുറികൾ, 92 ഓഫീസുകൾ, സ്വിമ്മിംഗ്പൂൾ, ഡോക്ടേഴ്സ് ക്ലിനിക്കുകൾ, വലിയ സ്വീകരണ ഹാളുകൾ, പോസ്റ്റ് ഓഫീസ് അങ്ങനെ ഒരു ഭരണചക്രത്തിന്റെ എല്ലാം ഇവിടെ കാണാം. അവിശ്വസനീയമായ വലിപ്പമാണ് ഇതിനുള്ളത്. എന്തിനാണ് ഇങ്ങനെയൊരു കൊട്ടാരം എന്നുപോലും സന്ദർശകർ ചിന്തിച്ചുപോകും. പക്ഷേ, ലോകമെങ്ങും കോളനികൾ സ്ഥാപിച്ച സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകൾക്ക് അവരുടെ പ്രതാപത്തിന്റെ അടയാളംകൂടിയായിരുന്നിരിക്കാം ഈ മഹാസൗധം.
എലിസബത്ത് രാജ്ഞി ഈ കൊട്ടാരത്തിൽനിന്ന് ഇറങ്ങണമെന്ന് പറഞ്ഞ് കെനിംഗ്സ്റ്റൺ എംപി എമ്മ ഡെന്റ് വിവാദമുണ്ടാക്കിയത് 2018 ജൂണിലായിരുന്നു. ഇത്രയും വലിയതും നടത്തിപ്പിനു വൻതുക ചെലവിടുന്നതുമായ കൊട്ടാരത്തിൽ രാജകുടുംബം താമസിക്കുന്നത് അനാവശ്യമാണെന്നായിരുന്നു അവരുടെ വാദം. ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല.
സന്ദർശകർക്ക് സ്വാഗതം
പുറത്ത് നിന്നുള്ളവർക്ക് ഇതിനുള്ളിലേക്ക് പ്രവേശനം ലഭിച്ചത് 1993ലാണ്. ഏപ്രിൽ – സെപ്റ്റംബർ മാസങ്ങളിലാണ് കൊട്ടാരം സന്ദർശകർക്കായി തുറന്നു കൊടുത്തത്. കൊട്ടാരത്തിന് പുറത്തുള്ള ഹൈഡ് പാർക്കിലും കൊട്ടാരത്തിനുള്ളിലെ പാർക്കിലും ധാരാളം അണ്ണാൻമാരുണ്ട്. അവരുടെ ഓട്ടവും ചാട്ടവും കുസൃതിയുമൊക്കെ കുട്ടികൾക്ക് ഏറെ കൗതുകമുണർത്തുന്നു. നമ്മുടെ അണ്ണാൻമാരെക്കാൾ നാലിരട്ടി വലിപ്പം ഇവർക്കുണ്ട്. ഇവിടത്തെ പ്രാവുകളെപ്പോലെ അണ്ണാൻമാരും മനുഷ്യരുമായി നല്ല ഐക്യത്തിലാണ്. അഗാധമായ സ്നേഹമാണ് മിണ്ടാപ്രാണികളോട് ഇവർ കാട്ടുന്നത്.
ബ്രിട്ടനിൽ ചെറുതും വലതുമായ ധാരാളം ചരിത്രങ്ങളുറങ്ങുന്ന കൊട്ടാരങ്ങളുണ്ട്. അതൊന്നും ഇടിച്ചുപൊളിച്ചുകളയാതെ അതൊക്കെ ദേശീയ പൈതൃകമായി സംരക്ഷിക്കുന്നവരാണ് പാശ്ചാത്യരാജ്യങ്ങളിലുള്ളവർ. അതവരുടെ സംസ്കൃതിയുടെ ഹൃദയവിശാലതയാണ്. കൊട്ടാരത്തിന്റ ഓരോ മുറികളിലും കാഴ്ചക്കാരായി ധരാളം പേർ വന്നുകൊണ്ടിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റ ഒരു സുവർണ്ണ കാലം ഇതിനുള്ളിൽ കാണാം. ഹൃദയത്തെ തൊട്ടുണർത്തുന്ന കാഴ്ചകൾ. സന്തോഷത്തോടെ ഞാനും പുറത്തേക്ക് നടന്നു.
രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കൊട്ടാരം
നിരവധി രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കൊട്ടരാണ് ബക്കിംഗ്ഹാം പാലസ്. ബക്കിംങ്ഹാം പാലസിലെ രാജ്ഞിയുടെ ബെഡ്റൂം ഇന്നും മറ്റാരും കണ്ടിട്ടില്ലെന്നാണ് പറയപ്പെടുന്നത്. 1982ൽ കൊട്ടാരത്തിലേക്ക് പ്രവേശിച്ച മൈക്കിൾ ഫാഗൻ എന്നയാൾ റൂം തകർത്ത് എലിസബത്ത് രാജ്ഞിയുടെ മുറിക്കുള്ളിൽ പ്രവേശിച്ചിരുന്നു. ആ പ്രശ്നത്തിനുശേഷം അതീവ സുരക്ഷയാണ് ഈ മുറിക്ക് നൽകുന്നത്. കൊട്ടരത്തിന്റെ അടിയിൽക്കൂടി തുരങ്കമുണ്ടെന്നാണ് ചില റിപ്പോട്ടുകൾ.
ഇതിന്റെ വാതിലുകൾ തുറക്കുന്നത് ലണ്ടനിലെ പലസ്ഥലങ്ങളിലേക്കുമാണ്. കൊട്ടാരത്തിൽ നിന്ന് ഈ തുരങ്കത്തിലേക്കുള്ള വഴിയും അതീവ രഹസ്യമാണ്. കൊട്ടാരത്തിലെ ഡ്രോയിംഗ് മുറിയിലാണ് രാജ്ഞി അതിഥികളെ സ്വീകരിക്കുന്നത്. ഈ മുറിയിൽ ഒരു വലിയ മുഖക്കണ്ണാടിയുണ്ട്. ഇതൊരു രഹസ്യവാതിലാണെന്നാണ് റിപ്പോർട്ട്. ഈ വാതിലിലൂടെ കടന്നാൽ രാജ്ഞിയുടെ സ്വകാര്യ മുറിയിലെത്താനാകും. കൊട്ടാരത്തിലെ പുന്തോട്ടം 40 ഏക്കറാണ്.
1953ൽ ഇവിടെ ഹെലികോപ്റ്റർ ഇറക്കിയിട്ടുണ്ട്. ലണ്ടനിലെ ഏറ്റവും പഴയ ഹെലിപാഡായിട്ടാണ് ഇത് അറിയപ്പെടുന്നത്. പൂന്തോട്ടത്തിൽ വ്യത്യസ്തങ്ങളായ 25ൽപരം റോസാച്ചെടികളുണ്ട്. 750 ജനാലകളും 40,000 ബൾബുകളും കൊട്ടരത്തിലുണ്ട്. 350 ക്ലോക്കുകളും വാച്ചുകളും കൊട്ടരത്തിലുണ്ട്. രാജ്ഞി കൊട്ടരത്തിലുണ്ടെങ്കിൽ റോയൽ സ്റ്റാൻഡേർഡ് പതാകയും ഇല്ലെങ്കിൽ യൂണിയൻ പതാകയും കൊട്ടരത്തിന്റെ മുകളിൽ കാണാം. എല്ലാ വർഷവും വേനൽക്കാലത്ത് രാജ്ഞി സ്കോട്ട്ലൻഡിലെ വസതിയിലേക്ക് മാറും. അപ്പോൾ കൊട്ടാരത്തിൽ നിയന്ത്രണങ്ങളോടെ പൊതുജനത്തിന് പ്രവേശനം അനുവദിക്കും. 25 പൗണ്ട് (ഏകദേശം 2200 രൂപ)യാണ് പ്രവേശന ഫീസ്.
Leave a Reply