ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒക്ടോബർ 30-ാം തീയതി ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിക്കുന്ന ബഡ്ജറ്റിനെ കുറിച്ച് ചൂടു പിടിച്ച ചർച്ചകളാണ് യുകെയിൽ ഉടനീളം നടക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ലേബർ പാർട്ടി നയിക്കുന്ന സർക്കാരിൻറെ ബഡ്ജറ്റ് എന്ന പ്രത്യേകതയും ഈ പ്രാവശ്യത്തെ ബഡ്ജറ്റ് അവതരണത്തിനുണ്ട്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനപത്രികയോട് എത്രമാത്രം നീതി പുലർത്താൻ ചാൻസിലർക്കാകുമെന്നത് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്ന കാര്യമാണ്.

തൻറെ സഹമന്ത്രിമാർക്ക് അയച്ച സന്ദേശത്തിൽ ചെലവുകൾ, ക്ഷേമ പദ്ധതികൾ, നികുതി എന്നീ കാര്യങ്ങളിൽ പ്രീതികരമല്ലാത്ത തീരുമാനങ്ങൾ ബഡ്ജറ്റിൽ കണ്ടേക്കാമെന്ന് നേരത്തെ തന്നെ ചാൻസിലർ റേച്ചൽ റീവ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായി ഭരണത്തിലിരുന്ന ടോറി സർക്കാരുകൾ വരുത്തിവെച്ച ബഡ്ജറ്റ് കമ്മി നികത്താൻ കടുത്ത നടപടികളിലേയ്ക്ക് ചാൻസിലർ കടന്നാൽ ഒക്ടോബർ 30-ാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്റ് ജനപ്രിയമായിരിക്കില്ലെന്ന് ഉറപ്പാണ്.


തിരഞ്ഞെടുപ്പ് സമയത്ത് കെയർ സ്റ്റാർമർ അധ്വാനിക്കുന്ന ജനങ്ങളുടെ നികുതി വർദ്ധിപ്പിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു . എന്നാൽ ഇത് എത്രമാത്രം പ്രാവർത്തികമാക്കാൻ ചാൻസിലർക്ക് കഴിയും എന്നതിനെ കുറിച്ച് അത്ര ശുഭാപ്തി വിശ്വാസമല്ല സാമ്പത്തിക വിദഗ്ധർക്ക് ഉള്ളത്. ആദായ നികുതി പരിധി മരവിപ്പിക്കുന്നത് കൂടുതൽ ആളുകൾ നികുതി അടയ്ക്കുന്ന ഗണത്തിൽ ഉൾപ്പെടുത്തുന്നതിന് കാരണമാകും. 2021- ന് മുമ്പുള്ള സ്റ്റാമ്പ് ഡ്യൂട്ടി പരിധി പുനസ്ഥാപിക്കാൻ ലേബർ പദ്ധതി ഇടുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇത് പ്രാവർത്തികമാക്കിയാൽ 2030 ഓടുകൂടി 1.8 ബില്യൺ വരുമാനം ആണ് പ്രതീക്ഷിക്കുന്നത്. മൂലധന നേട്ടത്തിനും അനന്തരാവകാശ നികുതിയിലും മാറ്റം ഉണ്ടാകുമെന്ന് പ്രചാരണവും ശക്തമാണ്. വീടുകളും ഫ്ലാറ്റുകളും മറ്റ് സ്ഥലങ്ങളും വസ്തുക്കളും വാങ്ങുമ്പോൾ അടയ്ക്കുന്ന നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി . നിലവിൽ വീട് വാങ്ങുന്നവർ, അവർ വാങ്ങുന്ന വസ്തുവിന് £250,000-ൽ താഴെ മൂല്യമുണ്ടെങ്കിൽ നികുതി അടക്കേണ്ടതില്ല . എന്നാൽ ഈ പരിധി കുറച്ചാൽ വീട് വാങ്ങുന്ന മലയാളികൾ കൂടുതൽ നികുതി അടയ്ക്കേണ്ടതായി വരും.


എൻഎച്ച്എസ് ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾക്കായുള്ള ധനസഹായം വർധിപ്പിക്കുന്നതിനായി ദേശീയ ഇൻഷുറൻസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . ഇതിനു പുറമേ തൊഴിലുടമകൾ നികുതി അടയ് ക്കേണ്ട പരുധി കുറയ്ക്കാനുള്ള തീരുമാനവും ബഡ്ജറ്റിൽ അവതരിപ്പിക്കും. രണ്ട് നടപടികളും ചേർന്ന് ഏകദേശം 20 ബില്യൺ പൗണ്ട് സമാഹരിക്കാനാകും എന്നാണ് കരുതുന്നത്. ബഡ്ജറ്റിൽ കൂടി ലക്ഷ്യമിടുന്ന വരുമാന സമാഹരണത്തിന് ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഈ രണ്ട് കാര്യങ്ങളിൽ നിന്നായിരിക്കും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . നാഷണൽ ഇൻഷുറൻസ് ഉയർത്തുന്നതിന് പ്രധാന ലക്ഷ്യം എൻഎച്ച്എസിൻ്റെ പുനരുദ്ധാരണവും ജീവനക്കാരുടെ അഭാവം പരിഹരിക്കലുമാണ്. കൂടുതൽ ധനസഹായം എൻഎച്ച്എസിന് ലഭിക്കുന്നതിലൂടെ കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിനുമുള്ള നടപടികൾക്ക് ആക്കം കൂട്ടാനും സാധിക്കും . ഇത് ഒരു പരുധി വരെ മലയാളി നേഴ്സുമാർക്ക് നേരിട്ടും അല്ലാതെയും പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത് .