ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും വലിയ ക്ഷേമ ബെനിഫിറ്റ് തട്ടിപ്പുകേസിൽ പ്രതികളായ ബൾഗേറിയൻ സംഘത്തിന് തട്ടിയെടുത്ത തുകയുടെ വെറും ഒരു ശതമാനം മാത്രം തിരിച്ചടയ്ക്കാൻ കോടതി ഉത്തരവ്. യൂണിവേഴ്സൽ ക്രെഡിറ്റ് സംവിധാനത്തിലൂടെ £53.9 മില്യൺ (ഏകദേശം £54 മില്യൺ) തട്ടിയെടുത്ത സംഘം £2 മില്യൺ മാത്രം തിരികെ നൽകണമെന്നതാണ് ഉത്തരവ്. ആഡംബര വസ്ത്രങ്ങൾ, വിലകൂടിയ വാച്ചുകൾ, ലക്ഷ്വറി കാറുകൾ എന്നിവയ്ക്കായി പൊതുപണം ചെലവഴിച്ച സംഘത്തെ ഇംഗ്ലണ്ട്–വെയിൽസിലെ ഏറ്റവും വലിയ ബെനിഫിറ്റ് തട്ടിപ്പു കേസെന്നാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വിശേഷിപ്പിച്ചത്.

ഗലിന നിക്കോളോവ (38), സ്റ്റോയാൻ സ്റ്റോയാനോവ് (27), ത്സ്വെത്ക ടൊഡോറോവ (52), ഗ്യൂനേഷ് അലി (33), പാട്രിട്സിയ പനേവ (26) എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. 6,000-ത്തിലധികം വ്യാജ അപേക്ഷകൾ നൽകിയ സംഘം വ്യാജ രേഖകൾ, കള്ള തിരിച്ചറിയൽ വിവരങ്ങൾ, കൃത്രിമ വാടക കരാറുകൾ, വ്യാജ ശമ്പള സ്ലിപ്പുകൾ, ഡോക്ടർമാരുടെയും ലാൻഡ്ലോർഡുകളുടെയും കള്ള കത്തുകൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. നോർത്ത് ലണ്ടനിലെ വുഡ് ഗ്രീൻ പ്രദേശത്തെ മൂന്ന് കോർണർ ഷോപ്പുകളുടെ മറവിലാണ് ഈ തട്ടിപ്പ് നടന്നതെന്ന് കോടതി കണ്ടെത്തി.

2024 മെയ് മാസത്തിൽ സംഘം മൊത്തം 25 വർഷത്തെ ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എന്നാൽ ഭൂരിഭാഗം പണവും മുൻകൂട്ടി വിദേശത്തേക്ക് മാറ്റിയതിനാൽ പ്രതികളിൽനിന്ന് തട്ടിയെടുത്ത പണം വീണ്ടെടുക്കലിന് സാധിച്ചില്ല. റെയ്ഡിനിടെ £7.5 ലക്ഷം പൗണ്ട് കാഷും ലക്ഷ്വറി കാറുകളും ബ്രാൻഡഡ് വാച്ചുകളും പിടിച്ചെടുത്തു. ഒരാൾ ചൂത് കളിയുടെ ഭാഗമായി നിലത്ത് പണം എറിഞ്ഞ് കൊടുക്കുന്ന ദൃശ്യങ്ങൾ പോലും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നികുതിദായകരുടെ പണം സംരക്ഷിക്കാൻ ഇത്തരം തട്ടിപ്പുകൾ തടയാനുള്ള നടപടികൾ ശക്തമാക്കിയതായി സർക്കാർ വ്യക്തമാക്കി. പ്രതികളിൽനിന്ന് കൂടുതൽ തുക തിരിച്ചുപിടിക്കാൻ നിയമനടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.











Leave a Reply