കൊച്ചി: കൊച്ചി മുനമ്പം ഹാര്‍ബറില്‍ മത്സ്യബന്ധനബോട്ട് വഴി മനുഷ്യക്കടത്ത് നടന്നതായി സൂചന. നാല്‍പ്പതോളം പേരെ ഓസ്‌ട്രേലിയയിലേക്ക് കടത്തിയതായാണ് സംശയിക്കുന്നത്. ഐ ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം മുനമ്പം ഹാര്‍ബറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് സംശയ കാരണം. പൊലീസ് പരിശോധനയില്‍ ബാഗുകളില്‍ നിന്ന് വസ്ത്രങ്ങളും ഉണക്കിയ പഴങ്ങളും ഫോട്ടോകളും വിമാനടിക്കറ്റുകളും മറ്റും കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് നടന്നതായി സൂചന കിട്ടിയത്. സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേര്‍ ബോട്ട് വഴി ഓസ്‌ട്രേലിയക്ക് കടന്നതായാണ് അഭ്യൂഹം.
അധിക ഭാരം ഒഴിവാക്കാന്‍ ഇവര്‍ തീരത്ത് ഉപേക്ഷിച്ച ബാഗുകളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. ബാഗില്‍ കണ്ട രേഖയില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി പരിസരത്തെ നാലോളം റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ദില്ലിയില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ബോട്ട് കഴിഞ്ഞ ദിവസം കൂടുതല്‍ അളവില്‍ ഇന്ധനം നിറച്ചിരുന്നതിന്റെ രേഖകളും കണ്ടെത്തി.
തീരം വിട്ട ബോട്ടു കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. ബോട്ട് മാര്‍ഗ്ഗം കടന്നവര്‍ ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. 27 ദിവസം കൊണ്ട് ബോട്ട് ഓസ്‌ട്രേലിയന്‍ തീരത്ത് എത്തും. മനുഷ്യക്കടത്തിന് പിന്നില്‍ രാജ്യാന്തരബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
Leave a Reply