തിരുവനന്തപുരം: നടി ആക്രമണത്തിന് ഇരയായ കേസില്‍ ദിലീപിനെ കുടുക്കിയതിനു പിന്നില്‍ പിണറായി വിജയനെതിരെ കോടിയേരി ബാലകൃഷ്ണന്‍ കളിച്ച കളിയാണെന്ന് പി.സി.ജോര്‍ജ്. കോടിയേരിയടക്കം മൂന്ന് പേരാണ് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ചാരക്കേസില്‍ കെ കരുണാകരനെതിരെ നടത്തിയത് പോലെ ആണ് ഇവിടെയും നടന്നതെന്നും ജോര്‍ജ് പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍, എഡിജിപി ബി. സന്ധ്യ, ഒരു തിയേറ്റര്‍ ഉടമ എന്നിവരാണ് ഗൂഢാലോചന നടത്തിയതെന്ന് ജോര്‍ജ് ആരോപിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയേണ്ടി വരുമെന്നും പിസി ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതാണെന്നും അതിനു ശേഷം ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായമെന്ന് നേരത്തേ പിസി ജോര്‍ജ് ചോദിച്ചിരുന്നു.

പിണറായി വിജയനും നടനെ ഉപേക്ഷിച്ചുപോയ സ്ത്രീയും വേദി പങ്കിട്ടതിനു ശേഷമാണ് ഗൂഢാലോചന ഉയര്‍ന്നുവന്നതെന്നും ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുന്നുണ്ട്. അപ്പോഴൊന്നും ആരെയും സിന്ദാബാദ് വിളിക്കാന്‍ കണ്ടിട്ടില്ല. സിനിമാ നടിയെ ബലാല്‍സംഗം ചെയ്തപ്പോള്‍ മാത്രമാണ് സിന്ദാബാദ് വിളിക്കാന്‍ ആളുണ്ടായതെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു.