ഔഗഡോഗോ: ബുര്‍ക്കിന ഫാസോയുടെ തലസ്ഥാനഗരിയിലെ ഒരു ആഡംബര ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇരുപത് പേര്‍ മരിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദ ഇസ്ലാമിക് മഗ്‌രെബ് ഏറ്റെടുത്തു. ഒരു മന്ത്രിയടക്കം മുപ്പതോളം പേരെ സംഘം തടഞ്ഞ് വയ്ക്കുകയും ചെയ്തു. പിന്നീട് ഇവരെ വിട്ടയച്ചു. ഹോട്ടല്‍ സ്‌പ്ലെന്‍ഡിഡിലാണ് ഭീകരാക്രമണമുണ്ടായത്. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ വെടിയേറ്റുവരും വീണു പരിക്കേറ്റവരുമുണ്ട്.
പാശ്ചാത്യരെ ലക്ഷ്യമിട്ടാണ് ആക്രമികള്‍ എത്തിയതെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു യൂറോപ്യന്‍ സ്ത്രീ പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതായി ബുര്‍ക്കിന ഫാസോയിലെ ഫ്രഞ്ച് അംബാസഡര്‍ ഗില്‍സ് തിബൗള്‍ട്ട് ട്വീറ്റ് ചെയ്തു. ബുര്‍ക്കിനോയിലെ സൈന്യവും കമാന്‍ഡോകളും ഫ്രഞ്ച് സ്‌പെഷ്യല്‍ സൈന്യവും അമേരിക്കന്‍ ഇന്റലിജന്‍സും ഹോട്ടലിന് സംരക്ഷണം നല്‍കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹോട്ടലിന് ചുറ്റും പ്രത്യേക ദൗത്യസേനയെ നിയോഗിച്ചതായി വിദേശകാര്യമന്ത്രി ആല്‍ഫാ ബാരി പറഞ്ഞു. ഈ ഹോട്ടലിന്റെ എതിര്‍വശത്തുളള ഒരു കഫെ റസ്റ്റോറന്റിനെയും അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായി ട്വിറ്ററിലൂടെ നിരവധി പേര്‍ പറയുന്നു. ഇവിടെ ധാരാളം പാശ്ചാത്യര്‍ എത്താറുണ്ട്. നാല് നില ഹോട്ടലില്‍ കടന്ന് കയറിയ തോക്കുധാരികള്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. സുരക്ഷാ സൈനികര്‍ എത്തിയതോടെ അവരുമായി സംഘം പോരാട്ടം തുടങ്ങി. അമേരിക്കന്‍ സേനയും ഹോട്ടലില്‍ രക്ഷാ ദൗത്യവുമായി പാഞ്ഞെത്തി.

ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പല കാറുകളും കത്തി നശിച്ചു. ഹോട്ടലിനും തീപിടുത്തമുണ്ടായിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ജനങ്ങളോട് വീടുകളിലേക്ക് മടങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. രാത്രി പതിനൊന്ന് മുതല്‍ രാവിലെ ആറ് വരെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പാരീസില്‍ നിന്ന് ഔഗാഡോഗോയിലേക്കുളള ഒരു വിമാനം നൈജറിലെ നിയാമിയിലേക്ക് വഴി തിരിച്ച് വിട്ടു. ഓപ്പറേഷന്‍ ബര്‍ഖൈയിനില്‍ പെട്ട ഫ്രഞ്ച് സൈനികര്‍ ഈ ഹോട്ടലാണ് പലപ്പോഴും ഉപയോഗിക്കുന്നത്. ഇതിന് പുറമെ ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും മറ്റ് വിദേശികളും ഇവിടേക്ക് ധാരാളമായി എത്താറുണ്ട്.