ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫെബ്രുവരി 15 തിങ്കളാഴ്ച മുതൽ രാജ്യത്ത് കൊറോണയ്ക്കെതിരായ പ്രതിരോധകുത്തിവെയ്പ്പുകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. നാളെ മുതൽ 65 -നും 69 -നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിന് തുടക്കംകുറിക്കും. ഫെബ്രുവരി 15ന് മുമ്പ് മുൻഗണനാക്രമത്തിൽ ഉള്ള നാല് ഗ്രൂപ്പുകൾക്ക് പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനാണ് രാജ്യം ലക്ഷ്യമിട്ടിരുന്നത്. ഇതുവരെ യുകെയിൽ 14.5 ദശലക്ഷത്തിലധികം ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും നൽകാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

65 വയസിന് മുകളിലുള്ള ഏകദേശം 1.2 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പിനായുള്ള അറിയിപ്പ് നൽകി കഴിഞ്ഞതായി എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. അറിയിപ്പ് ലഭിച്ചവർക്ക് നൂറിലധികം ഉള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നോ ഇരുന്നൂറോളം ഉള്ള ഫാർമസികളിൽ നിന്നോ പ്രതിരോധകുത്തിവെയ്പ്പ് എടുക്കാനാകും.

ഇതിനിടെ കോവിഡിനോട് അനുബന്ധമായുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് മാസത്തോടെ പിൻവലിക്കണമെന്ന് ടോറി എംപിമാർ ആവശ്യപ്പെട്ടു. 9 മുൻഗണന ഗ്രൂപ്പുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞും കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ല എന്ന് ലോക്ക്ഡൗൺ-സ്കെപ്റ്റിക് കോവിഡ് റിക്കവറി ഗ്രൂപ്പ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ജാഗ്രതയോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി ശനിയാഴ്ച പറഞ്ഞിരുന്നു. ഫെബ്രുവരി -22ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള സമഗ്രമായ രൂപരേഖ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതിനെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.