ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 25 വയസ്സിന് താഴെയുള്ള ജീവനക്കാരുടെ ദേശീയ ഇൻഷുറൻസ് വിഹിതം കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആൻഡി ബേൺഹാം വ്യക്തമാക്കി. മുൻ തൊഴിൽമന്ത്രി അലൻ മിൽബേണിന്റെ റിപ്പോർട്ടിൽ, യുവാക്കളെ ജോലിക്കെടുക്കുന്ന റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഇൻഷുറൻസ് വിഹിതത്തിൽ ഇളവ് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. 21–24 വയസ്സുള്ളവരുടെ കാര്യത്തിൽ ഇൻഷുറൻസ് വിഹിതം നൽകേണ്ട വരുമാനപരിധി 5,000 പൗണ്ടിൽനിന്ന് 10,000 പൗണ്ടായി ഉയർത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ 21 വയസ്സിന് താഴെയുള്ള ജീവനക്കാർക്കും നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന 25 വയസ്സിന് താഴെയുള്ള അപ്രന്റീസുകൾക്കും തൊഴിലുടമകൾക്ക് നാഷണൽ ഇൻഷുറൻസ് നൽകേണ്ടതില്ല. എന്നാൽ 21–24 വയസ്സുള്ള മറ്റ് ജീവനക്കാരുടെ വാർഷിക വരുമാനം 5,000 പൗണ്ടിന് മുകളിലായാൽ തൊഴിലുടമകൾ 15 ശതമാനം വിഹിതം നൽകണം. ബ്രിട്ടനിൽ 16–24 പ്രായപരിധിയിലുള്ള ഏകദേശം പത്തുലക്ഷം യുവാക്കൾ തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം എന്നിവയിൽനിന്ന് പുറത്താണെന്നാണ് ഔദ്യോഗിക കണക്ക്. നികുതി ഇളവുകൾ നടപ്പാക്കുന്നതിന് മുമ്പ് അതിന്റെ സാമ്പത്തിക ബാധ്യതയും ലഭ്യമായ തെളിവുകളും പരിശോധിക്കുമെന്ന് ബേൺഹാം പറഞ്ഞു.

യുവാക്കൾക്ക് തൊഴിൽസഹായം നൽകുന്നതിനുപകരം ക്ഷേമപദ്ധതികളിലെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനാണ് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ ശ്രമമെന്ന് ബേൺഹാം ആരോപിച്ചു. മുൻ സർക്കാരിന്റെ ക്ഷേമപരിഷ്കരണ നിർദേശങ്ങളിൽനിന്ന് വ്യത്യസ്തമായി, യുവാക്കൾക്ക് പിന്തുണയും തൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്നതിലാണ് പുതിയ സമീപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക തലത്തിൽ കൂടുതൽ പിന്തുണ നൽകുന്ന സംവിധാനമാണ് അലൻ മിൽബേണിന്റെ റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നതെന്നും ബേൺഹാം കൂട്ടിച്ചേർത്തു.