ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് തീവ്ര വലത് സംഘടനയായ ഹിന്ദുസേന. ഈ ആവശ്യം ഉന്നയിച്ച് ഹിന്ദുസേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ഇന്ത്യയിലും ഇത്തരത്തിലൊരു നിരോധനം കൊണ്ടുവരേണ്ടതെന്നാണ് സംഘടന പരാതിയില്‍ പറയുന്നത്.

പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു ഗതാഗത വാഹനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന രീതിയിലുള്ള വേഷങ്ങളും ഇസ്ലാമിക വസ്ത്രങ്ങളായ നിഖാബും ബുര്‍ഖയും നിരോധിക്കണം എന്നും ഇവര്‍ ആവശ്യപെട്ടിട്ടുണ്ട്. സി.സി.ടി.വി. ക്യാമറകളില്‍ മുഖം പതിയാതിരിക്കാന്‍ ഇത്തരം വസ്ത്രങ്ങളില്‍ ഭീകരര്‍ എത്തുമെന്നും രാജ്യത്തിന് പുറത്തുള്ള ഇന്ത്യന്‍ എംബസികളിലും ഇത് നടപ്പാക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെടുന്നു.

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. .പൊതു സുരക്ഷ ഉറപ്പാക്കാനാണ് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.