സേലം: ബംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ഏഴു പേര്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചിട്ടുണ്ട്. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. 30 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ ഏഴു പേര്‍ മലയാളികളാണ്. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്.

ബംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന തിരുവല്ല ബസില്‍ ഇടിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടം നടന്ന വിവരമറിഞ്ഞയുടന്‍ സേലം ജില്ലാകലക്ടര്‍ രോഹിണി അടക്കമുള്ള അധികൃതര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരിച്ചവരില്‍ ആലപ്പുഴ എടത്വാ സ്വദേശി ജിം ജയിംസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മറ്റുള്ളവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.