ബസ് കമ്പനികൾ ഡ്രൈവർമാർക്ക് മണിക്കൂറുകളോളം വിശ്രമമില്ലാത്ത ഷെഡ്യൂളിലുകൾ നൽകുന്നതു മൂലം . അപകടങ്ങൾ വർധിക്കുന്നുവെന്ന്‌ യൂണിയൻ ചീഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡ്രൈവർമാരുടെ പ്രവർത്തന മണിക്കൂറുകൾ വെട്ടിക്കുറയ്ക്കുന്ന ബില്ലിനെ പിന്തുണയ്ക്കാൻ എംപിമാരുടെ മേൽ സമ്മർദം ഏറുകയാണ്.

ലോക്കൽ റൂട്ടുകളിൽ ഒരു ദിവസം പത്തു മണിക്കൂറാണ് ഡ്രൈവർമാർക്ക് ഓടിക്കാവുന്നത്. അതിൽ അഞ്ചര മണിക്കൂറിനുശേഷം ഒരു അരമണിക്കൂർ ഇടവേളയും അനുവദിച്ചിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ ഒരു ദിവസം അവധിയും അനുവദിക്കപ്പെട്ടിട്ടുണ്ട്. ദീർഘദൂര ഡ്രൈവർമാർക്ക് ഒരു ആഴ്ചയിൽ 56 മണിക്കൂർ മാത്രമാണ് ഓടിക്കാൻ അനുവദിക്കപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയിൽ 90 മണിക്കൂർ മാത്രം.

 

 

ദീർഘദൂര ഡ്രൈവർമാരെ പോലെതന്നെ ലോക്കൽ റൂട്ടുകളിൽ ഓടുന്നവർക്കും സമയ ക്രമീകരണങ്ങൾ അനുവദിക്കണമെന്നും നാലര മണിക്കൂർ  നീണ്ട ഡ്രൈവിങ്ങിന് ശേഷം മുക്കാൽ മണിക്കൂറെങ്കിലും ഇടവേള അനുവദിക്കണമെന്നും ഉള്ള ആവശ്യമാണ് ആർഎംടി യൂണിയനും എംപിമാരും ഉയർത്തുന്നത്. നീണ്ട പ്രവർത്തന മണിക്കൂറുകൾ ഡ്രൈവർമാരെ ക്ഷീണിതരാക്കുന്നു. 2015-ൽ കാവെന്ററിയിൽ നടന്ന അപകടത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിൽ ഡ്രൈവർ 70 മണിക്കൂറിലധികം ആണ് ആഴ്ചയിൽ ഡ്രൈവിങ്ങിൽ ഏർപ്പെട്ടത് എന്നാണ് കണ്ടെത്തിയത്.

ബസ് ഡ്രൈവർമാരുടെ ഇത്തരം നീണ്ട പ്രവർത്തന മണിക്കൂറുകൾ പൊതുജനങ്ങൾക്ക് ആപത്താണെന്ന് എംപി മാറ്റ് വെസ്റ്റേൺ അറിയിച്ചു. ഈ അവസ്ഥ ഡ്രൈവർമാർക്കും പൊതു ജനങ്ങൾക്കും ഒരുപോലെ ആപത്താണെന്ന് ആർഎം ടി ജനറൽ സെക്രട്ടറി മിക്ക് ക്യാഷ് അഭിപ്രായപ്പെട്ടു.