അനിശ്ചിതകാല ബസ് സമരം നടത്തിയ ഉടമകള്‍ നാണംകെട്ട് സമരം നിര്‍ത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. ട്രോളുകളിലൂടെ ബസുടമകളെ നാണംകെടുത്തിയ ആളുകള്‍ ചിരിക്കുള്ള വകയും ഒപ്പിച്ചു.

ഇതിനിടെ സമരം കഴിഞ്ഞ് ബസുമായെത്തിയ ജീവനക്കാര്‍ വയനാട്ടിലെ നാട്ടുകാര്‍ കൊടുത്ത പണിയും ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

വയനാട്ടിലെ വടുവന്‍ചാല്- മേപ്പാടി റൂട്ടിലെ ബസുകളാണ് ഇത്തരത്തില്‍ പണി വാങ്ങിയത്. ജീപ്പ് സര്‍വീസ് മാത്രമുണ്ടായിരുന്ന ഇവിടെ ആര്‍.ടി.ഒ ഇടപെട്ടാണ് പതിനേഴ് വര്‍ഷം മുമ്പാണ് സ്വകാര്യ ബസിന് റൂട്ട് അനുവദിച്ചത്. ഹര്‍ത്താലോ പണിമുടക്കോ ഉണ്ടായാല്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകള്‍ നിരത്തിലിറങ്ങുമെന്ന് അന്ന് തന്നെ നാട്ടുകാരും സ്വകാര്യ ബസുടമകളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ കാലങ്ങളില്‍ ഇതിന് മുടക്കം വരുത്തിയിരുന്നില്ല. എന്നാല്‍ ഇത് ലംഘിച്ച് സ്വകാര്യ ബസ് ഉടമകള്‍ കൂട്ടത്തോടെ പണിമുടക്കിയതാണ് പ്രതിഷേധത്തിന് കാരണം. സ്വകാര്യ ബസുകള്‍ പണിമുടക്കിയ ദിവസം ഈ റൂട്ടിലെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയെന്ന് നാട്ടുകാര്‍ പറയുന്നു.

പതിനഞ്ചോളം സ്വകാര്യ ബസുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യപ്രകാരം ഇവിടെ നാല് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസിനിറങ്ങിയിരുന്നു. ഇത് റൂട്ടിലെ യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമായെന്ന് നാട്ടുകാര്‍ തന്നെ സമ്മതിക്കുന്നു.

അതിനാല്‍ ഇനി റൂട്ടില്‍ സ്വകാര്യ ബസുകള്‍ വേണ്ടെന്ന് നാട്ടുകാര്‍ തീരുമാനിച്ചു. ഒടുവില്‍ മേപ്പാടി എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇനി മേലില്‍ പണിമുടക്കില്ലെന്ന് ബസ് ഉടമകള്‍ ഉറപ്പ് നല്‍കിയതോടെ ഒത്തുതീര്‍പ്പിലെത്തി.