ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ പകുതിയിലധികം ടെർമിനലുകൾക്ക് സമീപം യാത്രക്കാരെ ഇറക്കുന്നതിനുള്ള കാറുകൾക്കുള്ള ഫീസിൽ വൻവർദ്ധനവ് വരുത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. “കിസ്-ആൻഡ്-ഫ്ലൈ” എന്ന പേരിൽ അറിയപ്പെടുന്ന ഈ ഫീസിൽ വർദ്ധനവ് ഉണ്ടായ വിവരം റോയൽ ഓട്ടോമൊബൈൽ ക്ലബ് ആണ് പുറത്തു കൊണ്ടു വന്നത്. കഴിഞ്ഞ ജൂലൈ മുതൽ യുകെയിലെ 20 വിമാനത്താവളങ്ങളിൽ 11 എണ്ണവും ഫീസ് വർദ്ധിപ്പിച്ചതായാണ് കണ്ടെത്തിയത്.
ഗാറ്റ്‌വിക്ക്, ബ്രിസ്റ്റൽ, ലീഡ്‌സ് ബ്രാഡ്‌ഫോർഡ്, സതാംപ്ടൺ, സ്റ്റാൻസ്റ്റെഡ് എന്നീ എയർപോർട്ടുകൾ മിനിറ്റുകൾക്കുള്ള പാർക്കിംഗിന് £7 എന്ന ഉയർന്ന നിരക്ക് ഈടാക്കുന്നുണ്ട്. എന്നാൽ യുകെയിൽ നിന്ന് വിപരീതമായി യൂറോപ്യൻ യൂണിയനിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളിൽ ഒമ്പതെണ്ണത്തിൽ ഡ്രോപ്പ്-ഓഫ് ഫീസില്ല. എന്നാൽ എയർപോർട്ട് പാർക്കിംഗ് ഫീസ് നിർണ്ണയിക്കുന്ന എയർപോർട്ട്സ് യുകെ യാത്രക്കാരെ അനാവശ്യമായി പിഴിയുകയാണെന്ന വാദം നിരാകരിച്ചു. യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലെ ടെർമിനുകളിലേക്കും യാത്രക്കാർക്ക് സൗജന്യമായി പോകാനുള്ള പാർക്ക് ആൻഡ് റൈഡ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ മിക്കവരും അവരുടെ പ്രിയപ്പെട്ടവരെ യാത്രയുടെ അവസാന നിമിഷം വരെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവരാണ്. ലണ്ടൻ ഹീത്രോ, എഡിൻബർഗ്, ബർമിംഗ്ഹാം, ലിവർപൂൾ എന്നീ എയർപോർട്ടുകളിൽ എല്ലാം 10 മുതൽ 20 മിനിറ്റ് വരെയുള്ള ടിക്കറ്റുകളുടെ വില £1 മുതൽ £6 വരെ വർദ്ധിപ്പിച്ചു. കാർഡിഫ് വിമാനത്താവളം ആദ്യമായി ഫീസ് ഏർപ്പെടുത്തിയതായും ആർഎസി കണ്ടെത്തി. 10 മിനിറ്റിന് £3 ആണ് ഇവിടെ ഫീസ് നിർണ്ണയിച്ചിരിക്കുന്നത്. അതേസമയം, ലണ്ടൻ, ലൂട്ടൺ, മാഞ്ചസ്റ്റർ വിമാനത്താവളങ്ങളാണ് ഏറ്റവും കൂടുതൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത്. അഞ്ച് മിനിറ്റ് നിർത്താൻ ഡ്രൈവർമാർ £5 നൽകേണ്ടി വരുന്നു . എന്നാൽ പല വിമാനത്താവളങ്ങളിലും പാർക്കിംഗ് ഫീസ് നീതീകരിക്കാൻ ആവാത്തതാണെന്ന് ആർഎസിയിലെ സീനിയർ പോളിസി ഓഫീസറായ റോഡ് ഡെന്നിസ് പറഞ്ഞു.
Leave a Reply