തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യം മാറി, എല്‍ഡിഎഫിന്റെ രാഷ്ട്രീയ കാലാവസ്ഥ തെളിഞ്ഞു. യുഡിഎഫിന്റേത് മങ്ങി. ബിജെപിക്ക് പ്രതികൂലമായി. അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റ് യുഡിഎഫിന്. എല്‍ഡിഎഫിന് രണ്ട്. സിറ്റിങ് സീറ്റായ അരൂര്‍ ചെറിയ ഭൂരിപക്ഷത്തില്‍ കൈവിട്ടെങ്കിലും വട്ടിയൂര്‍ക്കാവും കോന്നിയും യുഡിഎഫില്‍നിന്ന് പിടിച്ചെടുത്ത് എല്‍ഡിഎഫ് എതിരാളികളെ ഞെട്ടിച്ചു. പാലായിലെ േനട്ടം കൂടിയാകുമ്പോള്‍ വിജയത്തിന് മധുരമേറുന്നു.

അരൂര്‍ പിടിച്ചെടുത്ത യുഡിഎഫിന് രണ്ടു സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. എറണാകുളം, മഞ്ചേശ്വരം സീറ്റുകള്‍ നിലനിര്‍ത്തി. പ്രതീക്ഷ പുലര്‍ത്തിയിരുന്ന മഞ്ചേശ്വരത്തും കോന്നിയിലും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല. വട്ടിയൂര്‍ക്കാവില്‍ വലിയ രീതിയില്‍ വോട്ടു ചോര്‍ന്ന് അവര്‍ രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാമതായി. സമുദായ സംഘടനകളുടെ ആഹ്വാനവും ശബരിമല വിഷയവും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. മഴയില്‍ പോളിങ് ശതമാനം കുറഞ്ഞതു ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കി.

സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിച്ചതിനെത്തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഞ്ചേശ്വരത്ത് പി.ബി.അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അരൂര്‍ ഒഴികെയുള്ളവ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകള്‍. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ ഊര്‍ജമാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. സമുദായ സംഘടനകള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ വിജയം നേടാനായത് സന്തോഷം പകരുന്നു. നയങ്ങളുമായി മുന്നോട്ടു പോകാനുള്ള കരുത്തു നല്‍കുന്നു. ഒപ്പം, അരൂരിലെ പരാജയത്തെക്കുറിച്ച് ആഴത്തിലുള്ള വിശകലനത്തിനും തയാറെടുക്കുന്നു.

സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടത് യുഡിഎഫിനു തിരിച്ചടിയാണ്. പ്രത്യേകിച്ചും, തിരഞ്ഞെടുപ്പുകള്‍ ആസന്നമായ സാഹചര്യത്തില്‍. കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും തോല്‍വി ആഴത്തില്‍ വിശകലനം ചെയ്യാനൊരുങ്ങുകയാണ് പാര്‍ട്ടി. കോന്നിയിലെ തോല്‍വിയുടെ ആരോപണം ഉയരുന്നത് സിറ്റിങ് എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശിനെതിരെ. എറണാകുളവും മഞ്ചേശ്വരവും യുഡിഎഫിന്റെ ഉറച്ച സീറ്റുകളായതിനാല്‍ അരൂര്‍ മാത്രമാണ് ആശ്വാസം.

അരൂര്‍ നിലനിര്‍ത്തിയാല്‍ ആശ്വാസം എന്ന നിലയില്‍നിന്നാണ് വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്ത് എല്‍ഡിഎഫ് മിന്നുന്ന വിജയം നേടിയത്. എറണാകുളത്തു മികച്ച പോരാട്ടം കാഴ്ചവച്ചെന്ന് അവകാശപ്പെടുന്നു. തിരിച്ചടിയില്‍ അപരന്‍ ഒരു കാരണമായി എന്നു ന്യായീകരിക്കാം. 2544 വോട്ടുകളാണ് അപരന്‍ കൊണ്ടുപോയത്. ഹൈബി ഈഡന്‍ എറണാകുളത്തു നേടിയ 21,949 വോട്ടുകളുടെ ഭൂരിപക്ഷം 3,673 ആയി കുറയ്ക്കാനായത് നേട്ടമാണെന്നു പാര്‍ട്ടി വിലയിരുത്തുന്നു.

വട്ടിയൂര്‍ക്കാവിലെ 14,438 വോട്ടെന്ന ഭൂരിപക്ഷത്തില്‍ അവേശം കൊള്ളുന്നു. അരൂരില്‍ പാര്‍ട്ടി കേന്ദ്രങ്ങളിലെ വോട്ടുകള്‍പോലും ചോര്‍ന്നത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. മഞ്ചേശ്വരത്തു സംഘടനാ സംവിധാനം തകര്‍ന്ന് വോട്ടു കുത്തനെ കുറഞ്ഞു. സമുദായ സംഘടനകളുടെ എതിര്‍പ്പിനിടയിലും രണ്ടു സീറ്റുകള്‍ നേടാനായത് ആത്മവിശ്വാസം ഉയര്‍ത്തുന്നു. പാലാ കൂടി കണക്കിലെടുത്താല്‍ മൂന്നു സീറ്റുകള്‍ എല്‍ഡിഎഫിന്റെ അക്കൗണ്ടിലായി. ആഞ്ഞു പിടിച്ചാല്‍ തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അധിപത്യം നേടാമെന്ന പ്രതീക്ഷ വര്‍ധിച്ചു.

യുഡിഎഫിനു നിരാശ നല്‍കുന്നതാണ് ഫലം. നേതൃനിരയിലെ അഭിപ്രായ ഭിന്നത പരാജയത്തിന്റെ ആക്കംകൂട്ടി. കോന്നിയിലും പാര്‍ട്ടിയിലെ തര്‍ക്കം തിരിച്ചടിയായി. വലിയ വോട്ടു ചോര്‍ച്ചയുടെ കാരണം കണ്ടുപിടിക്കാന്‍ അന്വേഷണമുണ്ടാവും. അകമ്പടിയായി തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. എറണാകുളത്ത് വിജയിച്ചെങ്കിലും വോട്ടു കുറഞ്ഞത് ക്ഷീണമായി. ലീഗിന്റെ സീറ്റായ മഞ്ചേശ്വരം നിലനിര്‍ത്താനായതില്‍ ആശ്വാസമുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തനരീതി മാറ്റണമെന്ന മുന്നറിയിപ്പാണ് ഫലമെന്നു നേതൃത്വം കരുതുന്നു. അരൂരിലെ വിജയം സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്നു ന്യായീകരിക്കുന്നു.

മഞ്ചേശ്വരത്തു മാത്രമാണ് ബിജെപി നല്ല പ്രകടനം കാഴ്ചവച്ചത്. കോന്നിയില്‍ പ്രകടനം മെച്ചപ്പെടുത്തി. മറ്റുള്ള സ്ഥലങ്ങളിലെല്ലാം തകര്‍ന്നടിഞ്ഞു. വട്ടിയൂര്‍ക്കാവില്‍ വോട്ടുകള്‍ വലിയ രീതിയില്‍ ചോര്‍ന്നു. ഫലം വരുന്നതിനു മുന്‍പുതന്നെ സംഘടനയിലെ പ്രശ്നങ്ങള്‍ പുറത്തു വന്നതിനാല്‍ വരുംദിവസങ്ങളില്‍ അതു കൂടുതല്‍ രൂക്ഷമാകാം. സമുദായ സംഘടനകളുടെ നിലപാട് പാടേ തള്ളിയ ജനങ്ങള്‍ സ്ഥാനാര്‍ഥിയെ നോക്കി വോട്ടു ചെയ്ത തിരഞ്ഞെടുപ്പാണ് കടന്നു പോയത്.

വട്ടിയൂർക്കാവ്

വി.കെ. പ്രശാന്ത് – 54,830 (എല്‍ഡിഎഫ്)

കെ. മോഹൻകുമാർ – 40,365 (യുഡിഎഫ്)

എസ്. സുരേഷ് – 27,453 (എന്‍ഡിഎ)

കോന്നി

കെ.യു. ജനീഷ് കുമാര്‍ – 54,099 (എല്‍ഡിഎഫ്)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പി. മോഹന്‍രാജ് – 44,146 (യുഡിഎഫ്)

കെ. സുരേന്ദ്രന്‍ – 39,786 (എന്‍ഡിഎ)

അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍ – 69,356 (യുഡിഎഫ്)

മനു സി പുളിയ്ക്കല്‍ – 67,277(എല്‍ഡിഎഫ്)

പ്രകാശ് ബാബു – 16,289 (എന്‍ഡിഎ)

എറണാകുളം

ടി.ജെ. വിനോദ് – 37,516 (യുഡിഎഫ്)

മനു റോയി – 33,843 (എല്‍ഡിഎഫ്)

സി.ജി. രാജഗോപാൽ – 13,259 എന്‍ഡിഎ

മഞ്ചേശ്വരം

എം.സി. ഖമറുദ്ദീന്‍ – 65,407 (യുഡിഎഫ്)

രവീശതന്ത്രി കുണ്ടാര്‍ – 57,484 എന്‍ഡിഎ

ശങ്കര്‍ റൈ – 38,233 (എല്‍ഡിഎഫ്)